EntertainmentKeralaNews

മൂന്നു ഇതരഭാഷാ ചിത്രങ്ങള്‍ കേരളത്തില്‍ നിന്ന് നേടിയത് 132 കോടി,80 മലയാള ചിത്രങ്ങള്‍ നേടിയത് 175 കോടി,ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ് മോളിവുഡ്

കൊച്ചി: 2022ന്റെ പകുതി കഴിയുമ്പോള്‍ കേരള ബോക്‌സ് ഓഫീസില്‍ കോടികളുടെ കിലുക്കം തന്നെയാണ് കാണുന്നത്. എന്നാല്‍ ഈ കോടികളില്‍ പകുതിയിലധികവും വാരിയിരിക്കുന്നത് കന്നഡ, തെലുങ്ക്, തമിഴ് ചിത്രങ്ങളാണ്. മലയാള സിനിമയ്ക്ക് കേരള ബോക്‌സ് ഓഫീസില്‍ മികവ് പുലര്‍ത്താന്‍ കഴിയുന്നില്ല എന്നത് ഒരു വസ്തുതയാണ്. ഈ വര്‍ഷം ഇതുവരെ 80ല്‍ അധികം മലയാള സിനിമകളാണ് തിയേറ്ററുകളില്‍ എത്തിയത്. എന്നാല്‍ ഇതില്‍ പത്തില്‍ താഴെ സിനിമകള്‍ മാത്രമാണ് ലാഭം ഉണ്ടാക്കിയത്.

ഈ വര്‍ഷത്തെ ബോക്‌സ് ഓഫീസ് കളക്ഷന്‍ നോക്കുമ്പോള്‍ കേരളത്തില്‍ നിന്നും ഏറ്റവും അധികം പണം വാരിയത് കന്നഡ ചിത്രം ‘കെജിഎഫ് ചാപ്റ്റര്‍ 2’വാണ്. പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം കേരളത്തില്‍ നിന്നും 68 കോടിയ്ക്ക് മുകളിലാണ് സ്വന്തമാക്കിയത്. ആഗോള തലത്തില്‍ സിനിമ 1200 കോടിയ്ക്ക് മുകളില്‍ നേടി.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത തമിഴ് ചിത്രം ‘വിക്രം’ കേരള ബോക്‌സ് ഓഫീസില്‍ വലിയ ആരവം സൃഷ്ടിച്ചു. കമല്‍ ഹാസന്റെ തിരിച്ചുവരവ് എന്ന് വിളിക്കുന്ന സിനിമ ആദ്യദിനത്തില്‍ മാത്രം 5.02 കോടി കളക്ഷന്‍ സ്വന്തമാക്കി. 40 കോടിയ്ക്ക് മുകളിലാണ് സിനിമയുടെ കേരള കളക്ഷന്‍.

രാജമൗലി സംവിധാനം ചെയ്ത ‘ആര്‍ ആര്‍ ആര്‍’ എന്ന തെലുങ്ക് സിനിമയും മികച്ച കളക്ഷന്‍ കേരളത്തില്‍ നിന്ന് സ്വന്തമാക്കി. ‘ബാഹുബലി’ സംവിധായകനും തെലുങ്കിലെ മുന്‍നിര താരങ്ങളായ ജൂനിയര്‍ എന്‍ടിആറും രാം ചരണും ഒന്നിച്ചതിനാല്‍ തന്നെ സിനിമയ്ക്ക് വലിയ ഹൈപ്പുമുണ്ടായിരുന്നു. 1100 കോടി ക്ലബില്‍ ഇടം നേടിയ ‘ആര്‍ ആര്‍ ആര്‍’ കേരളത്തില്‍ നിന്ന് മാത്രം 24 കോടിയിലധികം രൂപ നേടി.

ഈ മൂന്ന് സിനിമകള്‍ മാത്രം കേരളത്തില്‍ നിന്നും 130 കോടിയ്ക്ക് മുകളില്‍ വാരികൂട്ടിയപ്പോള്‍ പല മലയാളം സിനിമകളും അടിപതറുന്ന കാഴ്ചയും കണ്ടു. നിലവില്‍ ഈ വര്‍ഷം കേരളത്തില്‍ നിന്നും ഏറ്റവും അധികം കളക്ഷന്‍ നേടിയിരിക്കുന്നത് മമ്മൂട്ടി-അമല്‍ നീരദ് ചിത്രം ‘ഭീഷ്മപര്‍വ്വം’ ആണ്. ആഗോളതല കളക്ഷനും പ്രീ റിലീസ് ബിസിനസുമെല്ലാമായി 100 കോടി നേടിയ സിനിമ കേരളത്തില്‍ നിന്ന് മാത്രം 42 കോടിയ്ക്ക് മുകളില്‍ വാരിക്കൂട്ടി.

‘ഭീഷ്മപര്‍വ്വ’ത്തിന് ശേഷം ഏറ്റവും അധികം കളക്ഷന്‍ സ്വന്തമാക്കിയ മലയാളം സിനിമ ‘ജന ഗണ മന’യാണ്. പൃഥ്വിരാജ്-സുരാജ് വെഞ്ഞാറമൂട് കൂട്ടുകെട്ടില്‍ ഒരുങ്ങിയ സിനിമ പാന്‍ ഇന്ത്യന്‍ റിലീസായിരുന്നു. സിനിമ കേരളത്തില്‍ നിന്ന് മാത്രം 28 കോടിയ്ക്ക് മുകളില്‍ കളക്ഷന്‍ നേടി.

വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ‘ഹൃദയ’വും കേരള ബോക്‌സ് ഓഫീസില്‍ പണം വാരിയ സിനിമയാണ്. സംസ്ഥാന പുരസ്‌കാരം നേടിയ ചിത്രം 27 കോടിയാണ് കേരളത്തില്‍ നിന്നും സ്വന്തമാക്കി.

മമ്മൂട്ടി-കെ മധു- എസ്എന്‍ സ്വാമി ചിത്രം ‘സിബിഐ 5 ദി ബ്രെയിന്‍’ പൊതുവെ സമ്മിശ്ര പ്രതികരണമാണ് നേടിയത്. എന്നാല്‍ സിനിമയുടെ കളക്ഷന്‍ അത് അങ്ങനെ ബാധിച്ചില്ല എന്നതാണ് വസ്തുത. സിനിമ കേരള ബോക്‌സ് ഓഫീസില്‍ മാത്രം 17 കോടിയിലധികം സ്വന്തമാക്കി.

പൃഥ്വിരാജ് നായകനാകുന്ന ‘കടുവ’യും കേരള ബോക്‌സ് ഓഫീസില്‍ വലിയ ഓളം സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ വാരം റിലീസ് ചെയ്ത സിനിമ ഇതിനകം സിബിഐയുടെ കളക്ഷന്‍ മറികടന്നു എന്നാണ് സൂചന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button