കൊച്ചി:ഇതരഭാഷാ സിനിമകളോടുള്ള മലയാളിയുടെ പ്രിയം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. എന്നാല്‍ ഒരു കാലത്ത് തമിഴ് ചിത്രങ്ങളോടായിരുന്നു ഈ പ്രിയമെങ്കില്‍ ഇന്ന് തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലെ ശ്രദ്ധേയ ചിത്രങ്ങളോടും മലയാളികള്‍ക്ക് ഈ പ്രിയമുണ്ട്.
വന്‍ പ്രീ റിലീസ് ഹൈപ്പുമായി എത്തുന്ന മറുഭാഷാ ചിത്രങ്ങള്‍ക്ക് കേരളത്തില്‍ ഇന്ന് മികച്ച സ്ക്രീന്‍ കൗണ്ട് ആണ് ലഭിക്കാറ്, ഒരുപക്ഷേ മലയാള ചിത്രങ്ങള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍. തല്‍ഫലമായി കേരള ഓപണിംഗില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ മലയാളമല്ല, മറുഭാഷാ ചിത്രങ്ങളാണ്. ടോപ്പ് 10 കേരള ഓപണിംഗ്സ് എടുത്താല്‍ അഞ്ച് ചിത്രങ്ങള്‍ മലയാളത്തിന് പുറത്തുനിന്നാണ്. ആ ലിസ്റ്റ് എങ്ങനെയാണെന്ന് നോക്കാം.
വിജയ്‍യുടെ അവസാന റിലീസ് ആയിരുന്ന ലോകേഷ് കനകരാജ് ചിത്രം ലിയോ ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 12 കോടിയാണ് ലിയോയുടെ നേട്ടം. രണ്ടാമത് യഷ് നായകനായ പ്രശാന്ത് നീല്‍ ചിത്രം കെജിഎഫ് 2 (7.30 കോടി). മൂന്നാം സ്ഥാനത്ത് മോഹന്‍ലാലിന്‍റെ വി എ ശ്രീകുമാര്‍ ചിത്രം ഒടിയന്‍. 7.25 കോടിയാണ് ഓപണിംഗ്. നാലാമതും ഒരു മോഹന്‍ലാല്‍ ചിത്രം തന്നെ. പ്രിയദര്‍ശന്‍റെ സംവിധാനത്തില്‍ എത്തിയ മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം (6.67 കോടി). അഞ്ചാമത് വിജയ് നായകനായ ബീസ്റ്റ് (6.60 കോടി).
ആറാം സ്ഥാനത്തും ഒരു മോഹന്‍ലാല്‍ ചിത്രമാണ്. പൃഥ്വിരാജ് സുകുമാരന്‍റെ സംവിധാന അരങ്ങേറ്റം ആയിരുന്ന ലൂസിഫര്‍ (6.37 കോടി). ഏഴാമത് വിജയ്‍യുടെ സര്‍ക്കാര്‍ (6.1 കോടി). എട്ടാമത് മമ്മൂട്ടിയുടെ അമല്‍ നീരദ് ചിത്രം ഭീഷ്മ പര്‍വ്വവും (5.9 കോടി) ഒന്‍പതാമത് രജനികാന്തിന്‍റെ കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് ജയിലറും (5.85 കോടി) പത്താമത് മോഹന്‍ലാലിന്‍റെ ഏറ്റവും പുതിയ ചിത്രം മലൈക്കോട്ടൈ വാലിബനും. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രത്തിന്‍റെ ആദ്യ ദിന കേരള ഓപണിംഗ് 5.85 കോടി ആയിരുന്നു.