ദുബായ്:ലോകം കണ്ട കൊടും ഭീകരൻ ആയിരുന്നു ഒസാമ ബിൻലാദൻ. ലോകത്തെ നടുക്കിയ നിരവധി ഭീകരാക്രമണങ്ങൾക്കായിരുന്നു ബിൻലാദൻ നേതൃത്വം നൽകിയത്. പാകിസ്താനിൽ അഭയം പ്രാപിച്ചിരുന്ന ബിൻലാദനെ പിടികൂടുക പലരാജ്യങ്ങളും പ്രയാസം ആയിരുന്നു. എന്നാൽ 2011 മെയ് 2 ന് നിർണ്ണായക നീക്കത്തിലൂടെ ഇയാളെ അമേരിക്ക വധിച്ചു.
കൊല്ലപ്പെട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും ബിൻലാദൻ എന്ന് കേട്ടാൽ ഇപ്പോഴും ആളുകൾ ഞെട്ടിവിറയ്ക്കും. ഇയാളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അതിവേഗം വാർത്തയും ചർച്ചയും ആകാറുണ്ട്. ഇപ്പോഴിതാ മരണ സമയത്ത് ബിൻലാദന് ഉണ്ടായിരുന്ന ഭാര്യമാരുടെയും മക്കളുടെയും എണ്ണം ചർച്ചയാക്കുകയാണ് സോഷ്യൽ മീഡിയ.
അമേരിക്കൻ മാദ്ധ്യമ പ്രവർത്തകൻ ആയി പീറ്റർ ബെർഗെന്റെ ദി റൈസ് ആന്റ് ഫാൾ ഓഫ് ഒസാമ ബിൻലാദൻ എന്ന പുസ്തകത്തിൽ പറയുന്നത്, ഇയാളുടെ അച്ഛന് 55 മക്കൾ ഉണ്ടായിരുന്നു എന്നാണ്. ഇതിൽ ഒന്നാണ് ഒസാമ. 16 വയസ്സ് ആകുമ്പോഴേയ്ക്കും ഒസാമ ഒരു മതഭ്രാന്തൻ ആയി തീർന്നിരുന്നുവെന്നും പുസ്കതത്തിൽ പീറ്റർ വ്യക്തമാക്കുന്നു.
17ാമത്തെ വയസ്സിൽ ആയിരുന്നു ഒസാമയുടെ ആദ്യവിവാഹം. മാതൃസഹോദരന്റെ മകൾ ആയിരുന്നു ആദ്യ ഭാര്യ. പിന്നീട് അങ്ങോട്ട് അഞ്ചോളം വിവാഹങ്ങൾ ചെയ്തു. ഈ ഭാര്യമാരിലായി 24 മക്കളായിരുന്നു ബിൻലാദന് പിറന്നത്. കൊല്ലപ്പെടുമ്പോൾ 28 മുതൽ 62 വയസ്സുവരെ പ്രായമുള്ള ഭാര്യമാർ ഇയാൾക്ക് ഉണ്ടായിരുന്നു. 3 നും 35 നും ഇടയിൽ ആയിരുന്നു മക്കളുടെ പ്രായം.
സുഡാനിൽ ആയിരുന്നു ജീവിതത്തിന്റെ ഭൂരിഭാഗം സമയം ബിൻലാദൻ കുടുംബവുമൊത്ത് ചിലവിട്ടത്. വലിയ കാർക്കശക്കാരൻ ആയിരുന്നു ബിൻലാദൻ. അതുകൊണ്ട് തന്നെ മക്കൾക്ക് പിതാവിനെ ഒട്ടും ഇഷ്ടമല്ലായിരുന്നു. നിയന്ത്രണങ്ങളിൽ മനസ് മടുത്തതോടെ മൂത്ത മകൻ വീടുവിട്ടു. പിന്നീട് ഇയാൾ മടങ്ങിവന്നിട്ടില്ല. ബിൻലാദൻ ജീവിച്ചിരിക്കെ തന്നെ മൂന്ന് മക്കൾ അമേരിക്കയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പ്രസവവേളയിൽ ഒരു മകൾക്കും ജീവൻ നഷ്ടമായി.
ബിൻലാദൻ കൊല്ലപ്പെട്ട ശേഷം മൂന്ന് ഭാര്യമാരെ പാകിസ്താൻ തടങ്കലിൽ ആക്കി. ഒരു ഭാര്യയും ഏഴ് മക്കളും ഇറാന്റെ കസ്റ്റഡിയിലുമായി. മറ്റ് ഭാര്യമാരും മക്കളും എവിടെയാണെന്നതിനെക്കുറിച്ച് ഇതുവരെ ആർക്കും ഒരു വിവരവും ഇല്ല.