സമകാലിക രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ‘ഒരു താത്വിക അവലോകനം’ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. ഇന്ധനവില വര്‍ദ്ധനയ്ക്കെതിരായ സമരത്തിനെ തുടര്‍ന്ന് നടന്‍ ജോജു ജോര്‍ജും കോണ്‍ഗ്രസ് പാര്‍ട്ടിയും തമ്മിലുണ്ടായ തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ അതുമായി ചേര്‍ന്നു നില്‍ക്കുന്ന ടീസറാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുന്നത്.
ജോജു ജോര്‍ജിന്റെ തന്നെ കഥാപാത്രം പറയുന്ന ഡയലോഗുകളാണ് ടീസറിന്റെ പ്രധാനഭാഗം. ‘ജീവന് വരെ ഭീഷണിയുണ്ട്. സത്യമേ ജയിക്കൂ.. നമ്മുടെ കണ്‍മുന്നിലെ തെറ്റുകള്‍ ചോദ്യം ചെയ്താല്‍ മതി നാട് നന്നാകാന്‍. കണ്ണു തുറന്ന് പിടിച്ച് കാഴ്ചയില്ലാത്ത ജീവിയായി മനുഷ്യന്‍ മാറരുത്..’ ജോജുവിന്റെ കഥാപാത്രം പറയുന്നു.
ജോജു ജോര്‍ജ്, നിരഞ്ജ് രാജു, അജു വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഖില്‍ മാരാര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു താത്വിക അവലോകനം. ഷമ്മി തിലകന്‍, മേജര്‍ രവി, പ്രേംകുമാര്‍, ബാലാജി ശര്‍മ്മ, വിയാന്‍, ജയകൃഷ്ണന്‍,നന്ദന്‍ ഉണ്ണി, മാമുക്കോയ, പ്രശാന്ത് അലക്സ്, മനു രാജ്, ഉണ്ണി രാജ്, സജി വെഞ്ഞാറമൂട്, പുതുമുഖം അഭിരാമി, ശൈലജ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. പൂര്‍ണമായും രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിനു പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രം യോഹന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ ഗീ വര്‍ഗീസ് യോഹന്നാന്‍ നിര്‍മിക്കുന്നു.