അവയവ കച്ചവടത്തിനായി വ്യാജരേഖാ നിർമ്മാണം; എറണാകുളത്ത് മൂന്നുപേരും കൊല്ലത്ത് രണ്ടുപേരും പിടിയിൽ; എംഎൽഎമാരുടെയും എംപിമാരുടെയും പേരിൽ ലെറ്റർപാഡുകൾ

വ്യാജരേഖ ചമച്ച് വൻ അവയവക്കച്ചവടം: 5 പേർ അറസ്റ്റിൽ; എംഎൽഎമാരുടെയും എംപിമാരുടെയും പേരിൽ ലെറ്റർപാഡുകൾ

കിഴക്കമ്പലം: അവയവ കച്ചവടത്തിന് വ്യാജരേഖ ചമച്ചെന്ന കേസിൽ എറണാകുളം റൂറൽ ജില്ലയിൽ മൂന്നുപേർ പിടിയിൽ. കുന്നത്തുനാട് കുമാരപുരം കിഴക്കേ മോറയ്ക്കാല തടിയൻ വീട്ടിൽ സണ്ണി വർഗീസ് (56), ഭാര്യ സിനി വർഗീസ് (50), ചേലക്കുളം കവുങ്ങപ്പറമ്പ് കുഴിക്കാടൻ വീട്ടിൽ സനോജ് (32) എന്നിവരാണ് പിടിയിലായത്. ശ്രീജ, സുധീർ എന്നിവരെ കൊല്ലം കിളികൊല്ലൂർ പോലീസ് സ്റ്റേഷനിലും അറസ്റ്റ് ചെയ്തു.

റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശന്റെ നേതൃത്വത്തിൽ ആറ് ടീമുകളായി തിരിഞ്ഞ് പെരുമ്പാവൂർ, ആലുവ, പുത്തൻകുരിശ്, മുനമ്പം സബ് ഡിവിഷൻ പരിധികളിലാണ് പരിശോധന നടത്തിയത്. കൊല്ലം ജില്ലയിലെ കിളികൊല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലും പരിശോധന നടന്നു.

കുന്നത്തുനാട് പള്ളിക്കരയിലെ സൺ കമ്യൂണിക്കേഷൻ എന്ന സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ അവയവ കച്ചവടത്തിന് ഉപയോഗപ്പെടുത്തുന്നതിനായി തയ്യാറാക്കിയ, എം.എൽ.എ.മാർ, എം.പി.മാർ എന്നിവരുടെ വ്യാജ ബ്ലാങ്ക് ലെറ്റർപാഡുകൾ, വിവിധ മെഡിക്കൽ ലാബുകളുടെ വ്യാജ രേഖകൾ എന്നിവ കണ്ടെത്തി. ഈ കേസിലാണ് സണ്ണി വർഗീസ്, സിനി വർഗീസ് എന്നിവരെ അറസ്റ്റ് ചെയ്തത്.

പള്ളിക്കര സഹകരണ ബാങ്കിന് എതിർവശത്ത് പ്രവർത്തിക്കുന്ന സൈൻ എച്ച്.ഡി. ഡിജിറ്റൽ സ്റ്റുഡിയോയിൽ നടത്തിയ പരിശോധനയിൽ അവയവക്കച്ചവടം നടത്തുന്നതിനായി സൂക്ഷിച്ചുവരുന്ന വ്യാജ രേഖകൾ, ബ്ലാങ്ക് ലെറ്റർപാഡുകൾ, സീലുകൾ നിർമിക്കുന്നതിന് ഉപയോഗിക്കുന്ന കംപ്യൂട്ടറുകൾ എന്നിവ കണ്ടെടുത്തു. ഈ കേസിലാണ് ജീവനക്കാരനായ സനോജിനെ അറസ്റ്റ് ചെയ്തത്.

വടക്കേക്കരയിലെ ഒരു വീട്ടിൽ നടത്തിയ പരിശോധനയിൽ എറണാകുളത്തെ പ്രധാന ആശുപത്രികളിൽ നിന്നുള്ള വൃക്കദാതാവിന്റെ സമ്മതപത്രവും മറ്റു വ്യാജരേഖകളും സ്മാർട്ട് ഫോണുകളും കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് അമ്പലമേട് പോലീസ് സ്റ്റേഷൻ പരിധിയിൽ പെരിങ്ങാല പോത്തനാംപറമ്പ് ഭാഗത്തെ ഒരു അപ്പാർട്ട്‌മെന്റിൽ പരിശോധന നടത്തിയിരുന്നു.

കുന്നത്തുനാട് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാംപ്രതിയായ നജീബ് കല്ലാത്രയാണ് ഈ അപ്പാർട്ട്‌മെന്റിൽ താമസിക്കുന്നത്. ഇയാൾ കാസർകോട് സ്വദേശിയാണ്. ഇവിടെ നിന്നും വ്യാജരേഖകളും വ്യാജ മുദ്രകളും ഹാർഡ് ഡിസ്‌കുകളും കണ്ടെത്തി. നജീബ് കല്ലാത്രയുടെ ഭാര്യ റഷീദ നാലാം പ്രതിയും ആരിഫ് എന്നയാൾ അഞ്ചാം പ്രതിയുമാണ്.

അപ്പാർട്ട്‌മെന്റിലെ പരിശോധനയുമായി ബന്ധപ്പെട്ട് ലഭിച്ച രേഖകൾ പ്രകാരമാണ് കിളികൊല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ശ്രീജ, സുധീർ എന്നിവരുടെ വീട്ടിൽ പരിശോധന നടത്തിയതും രണ്ട് പേരെ പിടികൂടിയതും. ഇവിടെനിന്ന് അവയവ കച്ചവടത്തിനായി ഉപയോഗിക്കുന്ന വ്യാജ രേഖകളും കണ്ടെത്തി.

നിയമാനുസൃത അവയവദാനത്തിന്റെ മറവിൽ വൻതോതിൽ അവയവക്കച്ചവടം നടന്നതിന്റെ സൂചനകളാണ് അഞ്ചുപേരുടെ അറസ്റ്റിലൂടെ പുറത്തുവന്നത്. നിലവിൽ പിടിയിലായവർ ഇതിലെ ചെറുമീനുകൾ മാത്രമാണെന്നും വമ്പൻമാർ പുറത്താണെന്നുമാണ് അന്വേഷണസംഘം നൽകുന്ന സൂചന.

ഏജന്റുമാരടക്കം നിരവധിപേർ ഈ ശൃംഖലയിൽ കണ്ണികളാണ്. ആശുപത്രികളും ഡോക്ടർമാരുമടക്കമുള്ളവർ ഈ സംഘവുമായി ബന്ധപ്പെട്ടിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ മൂന്നുവർഷമായി അവയവ കച്ചവടം നടക്കുന്നുണ്ടെന്നാണ് തെളിവുകൾ നൽകുന്ന സൂചന.

മുഖ്യപ്രതി പെരിങ്ങാല പോത്തനാംപറമ്പ് താമസിക്കുന്ന കാസർകോട് സ്വദേശി നജീബ് കല്ലാത്രയെ കണ്ടെത്തുവാനുള്ള ശ്രമം പോലീസ് ആരംഭിച്ചിട്ടുണ്ട്. ഇയാളെ കസ്റ്റഡിയിലെടുത്തതായി പറയുന്നുണ്ടെങ്കിലും പോലീസ് അത് നിഷേധിച്ചു.

അടുത്ത ബന്ധുക്കളല്ലാത്തവരുടെ കച്ചവട താത്പര്യത്തോടെയുള്ള അവയവ കൈമാറ്റമാണ് മാഫിയാ സംഘം നടത്തിയിരുന്നത്. സ്വീകർത്താവും ദാതാവും തമ്മിൽ ബന്ധമുണ്ടെന്ന് കാണിക്കുന്ന രേഖകൾ വ്യാജമായി ചമയ്ക്കും. പണമിടപാട് നടത്തിയാണ് അവയവം കൈമാറിയിരുന്നത്. ഇതിനായി വ്യാജരേഖകൾ നിർമിച്ച സ്ഥാപനങ്ങളിലാണ് പോലീസ് പരിശോധന നടത്തിയത്.

നിയമാനുസൃത അവയവദാനമാണെന്ന് വരുത്താനും അനുമതി നേടാനുമാണ് എം.പി., എം.എൽ.എ., ഉന്നത സർക്കാർ ഉദ്യോഗസ്ഥർ, വൻകിട ആശുപത്രിയിലെ ഡോക്ടർമാർ എന്നിവരുടെപേരിൽ വ്യാജരേഖകൾ ചമച്ചത്. എം.എൽ.എ.മാരായിരുന്ന കെ.പി. മോഹനൻ, ദെലീമ, ഡോ. എൻ. ജയരാജ്, എം.പി.യായ കെ. രാധാകൃഷ്ണൻ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ പേരിലുള്ള രേഖകളാണ് പള്ളിക്കര സൈൻ സ്റ്റുഡിയോസിന്റെ കംപ്യൂട്ടറിൽനിന്ന് കണ്ടെത്തിയത്.

ഒരേ ഫോട്ടോ ഉപയോഗിച്ച് പല നമ്പറുകളിലും പേരിലുമുള്ള ആധാർ കാർഡുകളും വിവിധ സ്ഥാപനങ്ങൾ നൽകുന്ന വിവാഹ സർട്ടിഫിക്കറ്റുകളുടെ വ്യാജപതിപ്പുകളും വിവിധ സർക്കാർ ഓഫീസുകളിലെ സീലുകളും ഒപ്പുകളും കണ്ടെത്തി. പള്ളിക്കരയിലെ സൺ കമ്യൂണിക്കേഷൻസ് എന്ന കംപ്യൂട്ടർ സ്ഥാപനത്തിലാണ് ഒന്നാം പ്രതി നൽകിയ രേഖകളെല്ലാം വ്യാജമാണെന്ന അറിവോടെ പ്രിന്റ് ഔട്ടുകൾ എടുത്തിരുന്നതെന്ന് എഫ്.ഐ.ആറിൽ പറയുന്നു. ഉദുമ മുൻ എം.എൽ.എ. സി.എച്ച്. കുഞ്ഞമ്പുവിന്റെ പേരിലുള്ള ബ്ലാങ്ക് ലെറ്റർ പാഡുകളും എറണാകുളം എം.പി. ഹൈബി ഈഡന്റെ പേരിലുള്ള അഫിഡവിറ്റുകളും വിവിധ മെഡിക്കൽ ലാബുകളുടെ ബ്ലാങ്ക് ലെറ്റർ പാഡുകളും ഇവിടെനിന്ന് കണ്ടെത്തി.

The Ernakulam Rural Police have busted a major organ trafficking ring that used forged documents to facilitate illegal organ sales. Five individuals, including a couple from Kunnathunadu and two persons from Kollam, were arrested. The gang created fake letterheads and affidavits of MPs, MLAs, and high-ranking officials to validate illegal organ transplants. Police seized forged IDs, medical lab reports, and fake seals from computer centers in Pallikkara. A massive manhunt is underway for the prime suspect, Najeeb Kallathra.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News