വയനാട്ടിലെ നരഭോജി കടുവയെ പിടികൂടാനായില്ലെങ്കിൽ കൊല്ലാൻ ഉത്തരവ്
സുല്‍ത്താന്‍ബത്തേരി: വയനാട് വാകേരി കൂടല്ലൂരില്‍ യുവാവിനെ കൊന്നുതിന്ന നരഭോജി കടുവയെ ആവശ്യമെങ്കില്‍ വെടിവെച്ചു കൊല്ലാമെന്ന് ഉത്തരവ്. സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. മയക്കുവെടിവെച്ചോ കൂടുവെച്ചോ പിടികൂടാനായില്ലെങ്കില്‍ കടുവയെ കൊല്ലാം എന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.
കടുവയെ നരഭോജിയായി പ്രഖ്യാപിച്ച് വെടിവെച്ചു കൊല്ലാനുള്ള അനുമതി സൗത്ത് വയനാട് ഡി.എഫ്.ഒ. തേടിയിരുന്നു. കണ്ണൂര്‍ സി.സി.എഫ്.വഴിയാണ് സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് ശനിയാഴ്ച രാത്രി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
യുവാവിനെ കടുവ കൊന്നുതിന്ന സംഭവം കൂടല്ലൂര്‍ ഗ്രാമത്തെ വന്‍പ്രതിഷേധത്തിലാഴ്ത്തിയിരുന്നു. പ്രജീഷിന്റെ മൃതദേഹം കണ്ടെടുത്ത സ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാര്‍ മണിക്കൂറുകളോളം മൃതദേഹം സ്ഥലത്തുനിന്നുമാറ്റാന്‍ പോലീസിനെ അനുവദിച്ചിരുന്നില്ല. ജനത്തിന്റെ പ്രതിഷേധത്തെത്തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പ്രദേശത്തേക്കെത്താന്‍ കഴിയാത്ത സാഹചര്യമായിരുന്നു.
കടുവയെ മയക്കുവെടിവെച്ച് പിടികൂടിയാല്‍ പോരാ, വെടിവെച്ചുകൊല്ലണമെന്ന് ആശ്യപ്പെട്ട് മൃതദേഹം നീക്കംചെയ്യാന്‍ അനുവദിക്കാതെ നാട്ടുകാര്‍ മണിക്കൂറുകളോളം പ്രതിഷേധിച്ചിരുന്നു. ജനപ്രതിനിധികളും രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളുമെല്ലാം ഒന്നടങ്കം ഈ ആവശ്യമുന്നയിച്ചു. ബത്തേരി താലൂക്ക്് ആശുപത്രിയില്‍ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ഉപവാസവും നടത്തി. ഉത്തരവ് വൈകിയാല്‍ ദേശീയപാത ഉപരോധിക്കുമെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കടുവയെ കൊല്ലാനുള്ള ഉത്തരവ് വന്നത്.
ശനിയാഴ്ച ഉച്ചയോടെ പശുവിന് പുല്ലുവെട്ടാന്‍ പോയ ക്ഷീരകര്‍ഷകന്‍ പ്രജീഷി (36) നെയാണ് കടുവ കൊലപ്പെടുത്തിയത്. പ്രജീഷ് തിരിച്ചെത്താത്തിനെത്തുടര്‍ന്ന് സഹോദരന്‍ അന്വേഷിച്ച് പോയപ്പോഴാണ് വയലില്‍ പാതി ഭക്ഷിച്ച നിലയില്‍ പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്നും 500 മീറ്റര്‍ ദൂരത്തിനുള്ളില്‍ വനപ്രദേശമാണ്. നേരത്തെ കടുവ ശല്യമുണ്ടായ പ്രദേശമാണിത്.
കന്നുകാലികളെ കടുവ ആക്രമിച്ചിരുന്നു. മധ്യപ്രദേശ് സര്‍ക്കാരിന്റെ കീഴിലുള്ള ബീനാച്ചി എസ്റ്റേറ്റ് കടുവയുടെ താവളമാണെന്ന് നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. 600 ഏക്കറോളം വിസ്തീര്‍ണ്ണമുള്ള എസ്റ്റേറ്റ് ആണിത്. കടുവ വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്നതിനെതിരെ നാട്ടുകാര്‍ പലതവണ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.