തിരുവനന്തപുരം:ചോദ്യോത്തരവേളയിൽ ഭരണപക്ഷ അംഗം ഉന്നയിച്ച ചോദ്യം തങ്ങളെ ആക്ഷേപിക്കുന്നതാണെന്നും അത് ഒഴിവാക്കണമെന്നും സഭയിൽ പ്രതിപക്ഷ ആവശ്യം. ചോദ്യം ഉന്നയിച്ച അംഗം ആവശ്യപ്പെടാതെ അത് നീക്കം ചെയ്യാനാവില്ലെന്ന് സ്പീക്കർ എം.ബി. രാജേഷ് അറിയിച്ചതോടെ പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളെ പ്രതിപക്ഷം തടസ്സപ്പെടുത്തിയെന്ന കെ.ഡി. പ്രസേനന്റെ ചോദ്യത്തോര വേളയിലെ പരാമർശമാണ് പ്രതിഷേധത്തിന് വഴിവെച്ചത്. ചോദ്യം സഭയിലെ ചട്ടങ്ങൾക്കും കീഴ്വഴക്കങ്ങൾക്കും റൂൾസ് ഓഫ് പ്രൊസീജിയറിനും എതിരായ ചോദ്യമാണിതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഈ ചോദ്യം സഭയിൽ ഉന്നയിച്ച് രേഖയിലാക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷത്തെ ആക്ഷേപിക്കുന്ന വിധത്തിലുള്ള ചോദ്യമാണ് ചോദ്യോത്തരവേളയിൽ മൂന്നാംനമ്പർ ചോദ്യമായി ഉന്നയിക്കപ്പെട്ടത്. പ്രതിപക്ഷത്തെ ആക്ഷേപിക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾ സാധാരണഗതിയിൽ ഉന്നയിക്കാറില്ല. അതിനാൽ തന്നെ ഇത് ചട്ടലംഘനമാണെന്ന പരാതിയാണ് വി.ഡി. സതീശൻ ഉന്നയിച്ചത്.
വിഷയം പരിശോധിക്കട്ടെ എന്ന മറുപടി സ്പീക്കർ നൽകി. സതീശൻ വീണ്ടും വിഷയം ചൂണ്ടിക്കാട്ടിയപ്പോൾ, ചോദ്യം ഒഴിവാക്കാൻ കഴിയില്ലെന്നും അല്ലെങ്കിൽ ചോദ്യം ഉന്നയിച്ച അംഗം തന്നെ അത് ഒഴിവാക്കണമെന്ന് എഴുതി നൽകേണ്ടതുണ്ടെന്നും സ്പീക്കർ പറഞ്ഞു.
ഈ സാഹചര്യത്തിൽ, പ്രതിപക്ഷത്തോടുള്ള അവഹേളനം എന്ന നിലയിൽ ഇതിനെ അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ് പ്രതിപക്ഷം ചോദ്യോത്തര വേളയിൽനിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.