ഫാമിലി മാൻ 2 ന്റെ പ്രദർശനം നിര്‍ത്തിവയ്ക്കണം; പ്രതിഷേധവുമായി തമിഴർ കച്ചി നേതാവ് സീമൻ
ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ഫാമിലി മാൻ 2 ന്റെ പ്രദർശനം നിർത്തിവെക്കാൻ ആവശ്യപ്പെട്ട് നാം തമിഴർ കച്ചി നേതാവ് സീമൻ. തമിഴ് ജനതയെയും, ഏലം ലിബറേഷൻ മൂവമെന്റിനേയും തെറ്റായി കാണിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി സീമൻ ആമസോൺ പ്രൈമിന് കത്തയച്ചു. സീരീസിനെതിരേ പ്രതിഷേധം ഉയർന്നിട്ടും റിലീസ് ചെയ്തത് ശരിയായില്ല. പ്രദർശനം നിർത്തിവച്ചില്ല എങ്കിൽ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് സീമൻ പറയുന്നു.
‘ഞങ്ങളുടെ വികാരത്തെ മാനിക്കാതെയാണ് നിങ്ങൾ വെബ് സീരീസ് റിലീസ് ചെയ്തത്. ഇനിയും അത് പ്രദർശനം തുടരുകയാണെങ്കിൽ ലോകമെമ്പാടുമുള്ള തമിഴരിൽ നിന്നും ശക്തമായ പ്രതിഷേധം ഉയരും. പ്രൈം വീഡിയോ അടക്കമുള്ള ആമസോൺ സർവീസുകൾ വിലക്കാൻ ആവശ്യപ്പെട്ട് ഞങ്ങൾ ക്യാംപെയിനും ആരംഭിക്കും’- എന്നാണ് സീമൻ ആമസോൺ പ്രൈമം ഇന്ത്യയുടെ ഹെഡ് അപർണ്ണ പുരോഹിതിന് എഴുതിയ കത്തിൽ പറയുന്നത്.
മനോജ് ബാജ്പേയി, സാമന്ത അകിനേനി, പ്രിയാമണി തുടങ്ങിയവരാണ് സീരിസിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ട്രെയ്ലർ റിലീസ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് പ്രതിഷേധം ശക്തമായത്. സാമന്തയ്ക്കെതിരേയും രൂക്ഷമായ വിമർശനം ഉയർന്നു. ശ്രീലങ്കയിലെ തമിഴരുടെ മോചനത്തിന് ശ്രമിക്കുന്ന ഒരു തമിഴ്പോരാളിയുടെ കഥാപാത്രത്തെയാണ് സാമന്ത അവതരിപ്പിക്കുന്നത്. വിവാദത്തിൽ സമാന്തയോട് വിഷയത്തിൽ മൗനം പാലിക്കാൻ ആമസോൺ ആവശ്യപ്പെട്ടിരുന്നു.