മാലെ:മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ (Mohamed Muizzu) ഇംപീച്ച്മെന്റ് പ്രമേയം (impeachment motion) അവതരിപ്പിക്കാനൊരുങ്ങി പ്രധാന പ്രതിപക്ഷ (Maldives opposition) പാര്‍ട്ടിയായ മാലദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി (എംഡിപി) (Maldivian Democratic Party). ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിക്കുന്നതിനായി പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ എംഡിപി ഒപ്പുകള്‍ ശേഖരിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ഡെമോക്രാറ്റുകളുമായി സഖ്യത്തിലേര്‍പ്പെട്ടാണ് എംഡിപി മുയിസുവിനെതിരെ നീക്കം നടത്തുന്നത്. എംഡിപിയുടെയും ഡെമോക്രാറ്റുകളുടെയും പ്രതിനിധികള്‍ ഉള്‍പ്പെടെ 34 അംഗങ്ങള്‍ ഇംപീച്ച്മെന്റ് പ്രമേയത്തിന് പിന്തുണ നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
ഇതിനിടെ പാര്‍ലമെന്റില്‍ കഴിഞ്ഞ ദിവസം ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയതിന് പിന്നാലെ സുരക്ഷാ ക്രമീകരണങ്ങള്‍ പോലീസ് ശക്തമാക്കിയിട്ടുണ്ട്. ഭരണകക്ഷിയിലെ നാല് അംഗങ്ങള്‍ മുയിസുവിന്റെ മന്ത്രിസഭയില്‍ ചേരുന്നതിന് അംഗീകാരം നല്‍കാന്‍ മാലദ്വീപ് പാര്‍ലമെന്റില്‍ ഭൂരിപക്ഷമുള്ള എംഡിപി വിസ്സമതിച്ചതിനെത്തുടര്‍ന്നായിരുന്നു സംഘര്‍ഷത്തിന്റെ തുടക്കം.
ഭരണസഖ്യത്തിലെ പീപ്പിള്‍സ് നാഷണല്‍ കോണ്‍ഗ്രസ് (പിഎന്‍സി), പ്രോഗ്രസീവ് പാര്‍ട്ടി ഓഫ് മാലദ്വീപ് (എംഡിപി) പാര്‍ട്ടികളുടെ എംപിമാരും പ്രതിപക്ഷത്തുള്ള മാലദ്വീപിയന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എംഡിപി) എംപിമാരുമാണ് ഏറ്റുമുട്ടിയത്.
വോട്ടെടുപ്പിന് മുന്നോടിയായി മുയിസുവിന്റെ മന്ത്രിസഭയിലെ നാല് അംഗങ്ങള്‍ക്ക് പാര്‍ലമെന്റിന്റെ അംഗീകാരം തടയാന്‍ എംഡിപി തീരുമാനിച്ചതിനെ തുടര്‍ന്നാണ് പാര്‍ലമെന്റില്‍ അക്രമം നടന്നത്. തുടര്‍ന്ന്, സര്‍ക്കാര്‍ അനുകൂല എംപിമാര്‍ പ്രതിഷേധം ആരംഭിച്ചത് അരാജകത്വത്തിലേക്ക് നയിച്ചു.
എംപിമാര്‍ പരസ്പരം മര്‍ദിക്കുന്നതിന്റേയും ചവിട്ടുന്നതിന്റേയും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു. മന്ത്രിസഭയ്ക്ക് പാര്‍ലമെന്റിന്റെ അംഗീകാരം നിഷേധിക്കുന്നത് സര്‍ക്കാര്‍ പൗരന്മാര്‍ക്ക് നല്‍കുന്ന സേവനങ്ങളെ തടസ്സപ്പെടുത്തുന്നതിന് തുല്യമാണെന്ന് ഭരണ സഖ്യം പറഞ്ഞു.