ന്യൂഡല്‍ഹി: പരമ്പരാഗതമായി ശക്തി കുറഞ്ഞ കിഴക്ക്, തെക്കന്‍ മേഖലകളിലും ബിജെപി ഇത്തവണ കൂടുതല്‍ സീറ്റുകള്‍ നേടുകയും വോട്ട് ശതമാനം ഉയര്‍ത്തുകയും ചെയ്യുമെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. പിടിഐ എഡിറ്റര്‍മാരുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രശാന്ത് കിഷോറിന്റെ ഈ പ്രതികരണം.
ഭരണകക്ഷിയായ ബിജെപിയുടെ അശ്വമേഥത്തെ തടഞ്ഞു നിര്‍ത്താനുള്ള നിരവധി അവസരങ്ങള്‍ പ്രതിപക്ഷം നഷ്ടപ്പെടുത്തി. ഒരു ക്രിക്കറ്റ് മത്സരത്തില്‍ ഒരു ഫീല്‍ഡര്‍ ക്യാച്ച് നഷ്ടപ്പെടുത്തുകയും ആ ബാറ്റര്‍ സെഞ്ച്വറി നേടുന്നത് പോലെയാണിതെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപിയെ തടയാന്‍ കഴിയില്ലെന്നത് അതൊരു മിഥ്യാധാരണയാണ്. ബിജെപിയോ മോദിയോ അജയ്യരൊന്നുമില്ല.ബിജെപി പ്രതിസന്ധിയിലായപ്പോഴൊന്നും അതിനെ ഉപയോഗപ്പെടുത്താന്‍ പ്രതിപക്ഷത്തിന്, പ്രത്യേകിച്ച് കോണ്‍ഗ്രസിന് സാധിച്ചില്ല.
2015ലും 2016ലും ഭരണകക്ഷിക്ക് തിരഞ്ഞെടുപ്പുകളില്‍ മേധാവിത്തമുണ്ടായിരുന്നു. പിന്നീട് അസമില്‍ ഒഴികെയുള്ള നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ബിജെപി പരാജയപ്പെട്ടു. പക്ഷെ പിന്നീട് പ്രതിപക്ഷം അവര്‍ക്ക് മടങ്ങിവരാനുള്ള അവസരം ഒരുക്കികൊടുത്തുവെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.
നോട്ട് നിരോധനത്തിന് ശേഷം നാല് മാസം കഴിഞ്ഞ് നടന്ന ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ബിജെപി വലിയ വിജയം നേടി. എന്നാല്‍ മോദിയുടെയും അമിത് ഷായുടെയും നാടായ ഗുജറാത്തില്‍ പരാജയത്തിന് അടുത്തെത്തി. 2019 ലോക്‌സഭ തിരഞ്ഞെടുപ്പിന് നാല് മാസം മുന്‍പ് നടന്ന ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍ നിയമസഭ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ബിജെപിയെ പരാജയപ്പെടുത്തിയെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.
ബിജെപിയുടെ ശക്തികേന്ദ്രങ്ങളായ ഉത്തരേന്ത്യയിലും പടിഞ്ഞാറന്‍ ഇന്ത്യയിലും കുറഞ്ഞത് നൂറ് സീറ്റുകളില്‍ പരാജയപ്പെടുത്തിയാല്‍ മാത്രമേ ബിജെപി പരാജയത്തിന്റെ ചൂടറിയുകയുള്ളൂ. എന്നാല്‍ അത് സംഭവിക്കാന്‍ പോകുന്നില്ലെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.
ബിജെപി 370 സീറ്റ് നേടാന്‍ പോകുന്നില്ല. ഏതാണ്ട് 300 സീറ്റുകളുടെ അടുത്ത് നേടും. എന്നാല്‍ ഒഡിഷ, തമിഴ്‌നാട്, തെലങ്കാന, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നേട്ടമുണ്ടാക്കുമെന്നും പ്രശാന്ത് കിഷോര്‍ കൂട്ടിച്ചേര്‍ത്തു.