അമ്പലപ്പുഴ വാഹനാപകടം; ഭർത്താവിനും മകനും പിന്നാലെ യുവതിയും മരിച്ചു

ആലപ്പുഴ: ദേശീയപാതയില്‍ അമ്പലപ്പുഴക്കടുത്ത് പുറക്കാടുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതിയും മരിച്ചു. പുറക്കാട് പുന്തല സ്വദേശി വിനീത(36) മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. പുറക്കാട് പുന്തല കളത്തില്‍പറമ്പില്‍ വീട്ടില്‍ സുദേവ് (45), മകന്‍ ആദി എസ്. ദേവ് (12) എന്നിവര്‍ ഞായറാഴ്ച രാവിലെ മരിച്ചിരുന്നു.

പുറക്കാട് ജങ്ഷനു വടക്കുവശം ഞായറാഴ്ച രാവിലെ ആറിനായിരുന്നു അപകടം. ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടിലേയ്ക്കു മടങ്ങുകയായിരുന്നു ബൈക്ക് യാത്രികര്‍. കാല്‍നടയാത്രികനായ മണിയനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച സൈക്കിള്‍ ബൈക്കിലിടിച്ചതിനെത്തുടര്‍ന്നാണ് ബൈക്ക് നിയന്ത്രണംവിട്ട് ടാങ്കര്‍ ലോറിക്കടിയില്‍പ്പെട്ടത്.

സൈക്കിള്‍ യാത്രികന്‍ പുന്നപ്ര പുതുവല്‍ പ്രകാശന്‍ (50), കാല്‍നടയാത്രക്കാരന്‍ പുറക്കാട് പുതുവല്‍ മണിയന്‍ (65) എന്നിവര്‍ ചികിത്സയിലാണ്. മീന്‍വില്‍പനക്കാരനായ പ്രകാശന്‍ സൈക്കിളില്‍ മീനെടുക്കാന്‍ തോട്ടപ്പള്ളി തുറമുഖത്തേയ്ക്ക് പോകുകയായിരുന്നു. മരിച്ച സുദേവ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ താല്‍ക്കാലിക ജീവനക്കാരനാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News