25.2 C
Kottayam
Sunday, May 19, 2024

‘തെറ്റായ കാര്യങ്ങൾ’ കാണുന്നത് കൊണ്ടാണ് പ്രതിപക്ഷനേതാക്കളുടെ ഫോണിൽ പ്രശ്നങ്ങളുണ്ടായത്;വിവാദ പ്രസ്തവാനയുമായി ബി.ജെ.പി നേതാവ്

Must read

ന്യൂഡല്‍ഹി: ഫോണ്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് ആപ്പിള്‍ കമ്പനിയില്‍ നിന്ന് മുന്നറിയിപ്പ് ലഭിച്ച പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ അധിക്ഷേപവുമായി ബി.ജെ.പി. വക്താവ്. ‘തെറ്റായ കാര്യങ്ങള്‍’ കാണുന്നത് കൊണ്ടാണ് പ്രതിപക്ഷനേതാക്കളുടെ ഫോണില്‍ പ്രശ്നങ്ങളുണ്ടായതെന്നാണ് ബി.ജെ.പി. ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞത്.

‘ഞങ്ങള്‍ സൈബര്‍ വിദഗ്ധന്മാരുമായി സംസാരിച്ചു. ലോകത്തെ ചില രാജ്യങ്ങള്‍ക്ക് ഇന്ത്യയോട് ശത്രുതയുണ്ട്. അവര്‍ ഇത്തരത്തില്‍ ചാരപ്പണി നടത്തുന്നതില്‍ മിടുക്കരാണ്. അത്തരം വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുകയും തെറ്റായ കാര്യങ്ങള്‍ കാണുകയും ചെയ്യുന്നത് കൊണ്ടാണ് നിങ്ങളുടെ ഫോണില്‍ മാല്‍വെയറുകളും സ്പൈവെയറുകളും മറ്റും എത്തുന്നത്.’ – ഭാട്ടിയ പറഞ്ഞു.

രാഹുല്‍ ഗാന്ധിയെ പേരെടുത്ത് പറഞ്ഞ് അധിക്ഷേപിച്ച ഭാട്ടിയ ‘അനുചിതമായ’ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കരുതെന്ന് അദ്ദേഹത്തെ ഉപദേശിച്ചു.’രാഹുല്‍ ഗാന്ധീ, ഫോണ്‍ നല്ലകാര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കണമെന്ന് നിങ്ങളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. രാജ്യവിരുദ്ധ ശക്തികളുമായി കൂട്ടുകൂടുകയോ അത്തരം വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുകയോ ചെയ്യരുത്. അത് ഇന്ത്യക്കാരന് യോജിച്ചതല്ല.’ -ഭാട്ടിയ പറഞ്ഞു.

പ്രതിപക്ഷനേതാക്കള്‍ നിയമനടപടി സ്വീകരിക്കാത്തതിനെയും അദ്ദേഹം വിമര്‍ശിച്ചു. രാഹുല്‍ ഗാന്ധിയും മറ്റ് നേതാക്കളും പോലീസിന് പരാതി നല്‍കുകയോ ആപ്പിള്‍ കമ്പനിക്ക് കത്തെഴുതുകയോ ചെയ്യാതെ രാഷ്ട്രീയം കളിക്കുകയാണെന്നായിരുന്നു ഭാട്ടിയയുടെ വിമര്‍ശനം.

ചൊവ്വാഴ്ച രാവിലെയാണ് തങ്ങളുടെ ഫോണുകള്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ആപ്പിളില്‍ നിന്ന് ലഭിച്ചതായി പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞത്. ഭരണകൂട പിന്തുണയുള്ള ഹാക്കര്‍മാര്‍ നിങ്ങളുടെ ഐഫോണുകള്‍ ഹാക്ക് ചെയ്യുമെന്നായിരുന്നു ആപ്പിളില്‍ നിന്നുള്ള സന്ദേശത്തിന്റെ ഉള്ളടക്കം.

കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍, ശിവസേന എം.പി. പ്രിയങ്കാ ചതുര്‍വേദി, തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവാ മോയിത്ര, കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര തുടങ്ങിയവരാണ് ആദ്യം ആരോപണം ഉന്നയിച്ചത്. പിന്നാലെ തനിക്കും തന്റെ ഓഫീസിലെ എല്ലാവര്‍ക്കും ആപ്പിളില്‍ നിന്നുള്ള സന്ദേശമെത്തിയെന്ന് പറഞ്ഞ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. കെ.സി. വേണുഗോപാലിനും ആപ്പിളിന്റെ മുന്നറിയിപ്പ് സന്ദേശം ലഭിച്ചതായി രാഹുല്‍ അറിയിച്ചു. ഭയന്ന് പിന്മാറില്ലെന്നും എത്ര വേണമെങ്കിലും ഫോണ്‍ ചോര്‍ത്താമെന്നും രാഹുല്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week