KeralaNews

ജാനകിക്കാട് കൂട്ടബലാത്സംഗക്കേസ്: മൂന്ന് പ്രതികൾക്ക് ജീവപര്യന്തം, ഒരാൾക്ക് 30 വർഷം തടവ്

കോഴിക്കോട്: ജാനകിക്കാട് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. ഒന്ന്, മൂന്ന്, നാല് പ്രതികള്‍ക്കാണ് ജീവപര്യന്തം തടവ്. രണ്ടാം പ്രതിക്ക് 30 വര്‍ഷം തടവാണ് വിധിച്ചത്. ഒന്നാം പ്രതി കുറ്റ്യാടി സ്വദേശി തെക്കേപറമ്പത്ത് സായൂജ്, രണ്ടാം പ്രതി പാറച്ചാലിലടുക്കത്ത് ഷിബു, മൂന്നാം പ്രതി മൂലോത്തറ തമ്മഞ്ഞിമ്മല്‍ രാഹുല്‍, നാലാം പ്രതി കായക്കുടി ആക്കല്‍ അക്ഷയ് എന്നിവര്‍ക്കുള്ള ശിക്ഷയാണ് നാദാപുരം പോക്‌സോ അതിവേഗ കോടതി വിധിച്ചത്.

2021 സെപ്റ്റംബറിലാണ് സംഭവം നടക്കുന്നത്. 17 വയസ്സുകാരിയായ വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് ഒന്നാം പ്രതി സായൂജ് വിനോദസഞ്ചാര കേന്ദ്രമായ ജാനകിക്കാട്ടിലെത്തിച്ചു. ശീതളപാനീയത്തില്‍ ലഹരിമരുന്ന് നല്‍കി പെണ്‍കുട്ടിയെ അബോധാവസ്ഥയിലാക്കിയ ശേഷം നാല് പ്രതികളും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

പീഡനത്തിനു ശേഷം അവശയായ പെണ്‍കുട്ടിയെ വീടിനു സമീപം ഉപേക്ഷിച്ച് കടന്നു കളയുകയും ചെയ്തു. മാനസികമായും ശാരീരികമായും കടുത്ത ആഘാതമേറ്റ കുട്ടി കുറ്റ്യാടി പുഴയില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അങ്ങനെയാണ് സംഭവം പുറംലോകമറിയുന്നതും പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതും.

ഒന്നാം പ്രതി 1,75000 രൂപ പിഴയും രണ്ടാം പ്രതി ഒരു ലക്ഷം രൂപയും മൂന്നും നാലും പ്രതികള്‍ 1,50000 വീതവും പിഴ അടയ്ക്കണം. പോക്‌സോ. എസ്.സി.-എസ്.ടി ആക്ട് ഉള്‍പ്പടെയുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker