കൊച്ചി:ശബരിമല വിഷയത്തിൽ മാപ്പ് പറഞ്ഞ ദേവസ്വം മന്ത്രിയുടെ പാത പിന്തുടർന്ന് തൃപ്പൂണിത്തുറ എം.എൽ.എ മാപ്പ് പറയുമോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.നിത്യബ്രഹ്മചാരിയായ അയ്യപ്പസ്വാമിയെ ഒരു എം എൽ എ തന്നെ ആക്ഷേപിച്ചത് വിശ്വാസികൾക്ക് വേദനയുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.
കെ.ബാബുവിൻ്റെ തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃപ്പൂണിത്തുറയുടെ എം എൽ എ കെ.ബാബു തന്നെയെന്ന് യോഗത്തിലെ ജനപങ്കാളിത്തം തെളിവെന്നു അദ്ദേഹം പറഞ്ഞു. അമിത ആത്മവിശ്വാസമാണ് കഴിഞ്ഞ തവണത്തെ പരാജയത്തിന് കാരണം. ഇത്തവണ ഒറ്റക്കെട്ടാണ്. ഗ്രൂപ്പ് നോക്കേണ്ട സമയമല്ല, കേരളത്തെ രക്ഷിക്കേണ്ട സമയമാണിത്.
അഴിമതിയിൽ മുങ്ങിക്കുളിച്ച കൊള്ളക്കാരുടെ സർക്കാരാണിത്. മുഖ്യ മത്രിയുടെ ഓഫീസ് തന്നെ കള്ളക്കടത്തിന് നേതൃത്വം നൽകുന്നു.ഈ സർക്കാരിനെ പുറത്താക്കണം. യു ഡി എഫ് വന്നാൽ അഴിമതിക്കാരെ അകത്താക്കും. 5 വർഷക്കാലം കെ.ബാബു അപമാനവും വേദനയും നേരിട്ടു. കെ.ബാബുവിനെതിരെ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. അധാർമ്മികത പ്രവർത്തിക്കാൻ യു ഡി എഫിന് കഴിയില്ല. അത് കൊണ്ടാണ് കെ.ബാബുവിനെ വീണ്ടും സ്ഥാനാർഥിയാക്കിയതെന്നും ചെന്നിത്തല പറഞ്ഞു.
സ്ഥാനാർഥി കെ.ബാബു, കെ.ബി.മുഹമ്മദ് കുട്ടി, കെ.എൽ.മോഹനവർമ്മ, ഡൊമിനിക് പ്രസൻ്റേഷൻ, ഐ.കെ.രാജു, കറ്റാനം ഷാജി, രാജു പി നായർ, പോളച്ചൻ മണിയങ്കോട്, വിനോദ്, ബേസിൽ മൈലന്തറ തുടങ്ങിയവർ പങ്കെടുത്തു.