തിരുവനന്തപുരം: എന്‍ഫോഴ്‍സ്‍മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെ മന്ത്രി കെ ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം. ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നത് സംസ്ഥാന ചരിത്രത്തിലെ ആദ്യ സംഭവമാണ്. ധാർമ്മികത അൽപം എങ്കിലും ഉണ്ടെങ്കിൽ മന്ത്രി രാജി വയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ക്രിമിനൽ കുറ്റം ചെയ്ത മന്ത്രിയെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും എത്ര നാള്‍ ഇങ്ങനെ സംരക്ഷിക്കുമെന്നും ചെന്നിത്തല ചോദിച്ചു. ആരോപണങ്ങളുടെ സഹയാത്രികനാണ് ജലീലെന്നും എല്ലാ അഴിമതികളുടെയും കേന്ദ്രബിന്ദു മുഖ്യമന്ത്രിയെന്നും ആയിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. ധാര്‍മ്മികമായി ജലീലിന്‍റെ രാജി വാങ്ങാനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
ജലീലിന്‍റെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടണമെന്ന് ബിജെപിയും ആവശ്യപ്പെട്ടു. സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സംഘം മന്ത്രിയെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ജലീലിന്‍റെ രാജി ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രന്‍ ആവശ്യപ്പെട്ടത്. സ്വര്‍ണ്ണക്കടത്തിന് മന്ത്രി ജലീല്‍ കൂട്ടുനിന്നുവെന്നാണ് ബിജെപിയുടെ ആരോപണം. ജലീലിന്‍റേത് ദുരൂഹമായ ഇടപെടലാണെന്ന് ആദ്യം മുതലേ തങ്ങള്‍ ഉന്നയിച്ചിരുന്നതാണെന്നും അതില്‍ സ്ഥിരീകരണമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ശിവശങ്കരന്‍റെ കാര്യത്തിലെ നിലപാട് മുഖ്യമന്ത്രി ജലീലിന്‍റെ കാര്യത്തിലും കാണിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
ഇന്ന് രാവിലെയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിലെ ചില ഉദ്യോഗസ്ഥരെത്തി മന്ത്രിയെ നേരിൽ കണ്ടത്. വൈകിട്ട് മാധ്യമങ്ങളോട് പ്രതികരിച്ച ഘട്ടത്തില്‍ ഇതുവരെ എൻഫോഴ്സ്മെന്‍റ് തന്നെ ചോദ്യം ചെയ്തിട്ടില്ലെന്നും ഇതുവരെ നോട്ടീസ് പോലും ലഭിച്ചിട്ടില്ലെന്നുമാണ് കെടി ജലീൽ പറഞ്ഞത്. മന്ത്രിയെ ചോദ്യം ചെയ്ത കാര്യം കൊച്ചിയിലെ ഉദ്യോഗസ്ഥർ ആരും സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ ദില്ലിയിലെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് മേധാവിയാണ് പിന്നീട് ഇക്കാര്യം സ്ഥിരീകരിച്ചത്. എൻഫോഴ്സ്മെന്‍റിന് പിന്നാലെ ദേശീയ അന്വേഷണ ഏജൻസിയും കെ.ടി ജലീലിൽ നിന്നും മൊഴിയെടുക്കും എന്നാണ് സൂചന.