തൃശൂർ∙ തൃശൂർ കോർപറേഷൻ പരിധിയിൽ വിതരണം ചെയ്യുന്നത് മലിനജലം ആണെന്ന് ആരോപിച്ച് പ്രതിപക്ഷ കൗൺസിലർമാർ കോർപറേഷൻ ഓഫിസിൽ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. മേയറുടെ കോലത്തിൽ വെള്ളമൊഴിക്കുന്ന സമര പരിപാടിയുമായിട്ടാണ് കോൺഗ്രസ് കൗൺസിലർമാർ കൗൺസിൽ യോഗത്തിന് എത്തിയത്. കൗൺസിലിൽ ബഹളം തുടങ്ങിയോടെ കൗൺസിൽ ഹാൾ വിട്ട് ചേംബറിലെത്തിയ മേയറെ പിന്തുടർന്ന് എത്തിയ കോൺഗ്രസ് കൗൺസിലർമാർ അവിടെയും പ്രതിഷേധം തുടർന്നു.
സ്ഥലത്തുനിന്നു പോകൊനൊരുങ്ങിയ മേയറുടെ കാറിനു മുൻപിൽ പ്രതിഷേധം തുടരവെ വനിതാ കൗൺസിലർമാരുടെ കാലിൽ വാഹനം കയറിയതായി പരാതി ഉണ്ട്. മേയറുടെ നിർദേശപ്രകാരമാണ് ഡ്രൈവർ കാർ മുന്നോട്ടെടുത്തത് എന്ന് കൗൺസിലർമാർ കുറ്റപ്പെടുത്തി. പ്രതിപക്ഷ കൗൺസിലർമാർ കാർ ബലമായി തടഞ്ഞിട്ടപ്പോൾ ഇതു വകവയ്ക്കാതെ വാഹനം മുന്നോട്ടൊടുക്കാൻ നിർദേശിച്ച് മേയർ പോകുകയായിരുന്നു. കൗൺസിലർമാരെ വാഹനം കൊണ്ടാണ് തള്ളി നീക്കിയത്. പ്രതിപക്ഷ അംഗങ്ങൾ മേയറുടെ ചേംബറിനു മുൻപിൽ കുത്തിയിപ്പു സമരം തുടരുകയാണ്.
മാസങ്ങളായി കോർപറേഷന്റെ പൈപ്പിലൂടെ ജനങ്ങൾക്കു ലഭിക്കുന്നത് ചെളിവെള്ളമാണെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ കൗൺസിലിലും ചെളി വെള്ളം കുപ്പിയിലാക്കി പ്രതിപക്ഷം എത്തിയിരുന്നു. ഇന്നു രാവിലെ പൈപ്പിൽ നിന്നു ശേഖരിച്ച ചെളി വെള്ളം ദേഹത്തൊഴിച്ച് ബിജെപി കൗൺസിലർമാരും പ്രതിഷേധം നടത്തിയിരുന്നു.