തിരുവനന്തപുരം: സഭ നിര്‍ത്തിവച്ച് കൊവിഡ് സാഹചര്യം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയതിനെത്തുടര്‍ന്ന് സഭയില്‍ പ്രതിപക്ഷ ബഹളം. കേരളത്തിലെ ഉയരുന്ന മരണനിരക്കും രണ്ടാം തരംഗം പ്രതിരോധിക്കുന്നതിലെ വീഴ്ചയും ഉയര്‍ത്തിക്കാട്ടി ഡോ.എം.കെ. മുനീറാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
മരണത്തിനിടയാക്കുന്നത് രോഗാണുവിന്റെ ഏത് വകഭേദമാണ് എന്നതിനെ സംബന്ധിച്ച് പഠനങ്ങള്‍ ഉണ്ടായോയെന്ന് സംശയമുന്നയിച്ച എം.കെ. മുനീര്‍ മൂന്നാം തരംഗം കുട്ടികളെ കൂടുതല്‍ ബാധിക്കുമെന്ന പഠനങ്ങള്‍ ചൂണ്ടിക്കാട്ടി ഇതിനെ നേരിടാന്‍ ഇപ്പോഴേ തയാറെടുക്കണമെന്നും ആവശ്യപ്പെട്ടു. മരണ നിരക്ക് കുറച്ചു കാണിക്കാന്‍ ശ്രമം ഉണ്ടെന്നും പത്തനംതിട്ട ജില്ലക്ക് വാക്‌സിന്‍ വിതരണത്തില്‍ കൂടുതല്‍ പരിഗണന കിട്ടുന്നുവെന്നും മുനീര്‍ ആരോപിച്ചു.
അതേസമയം, കൊവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രതിപക്ഷം ഇകഴ്ത്തിക്കാട്ടാന്‍ ശ്രമിക്കുകയാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ഇങ്ങനെയാണോ കോവിഡ് പ്രതിരോധത്തിനു പിന്തുണ നല്‍കുന്നതെന്നും മന്ത്രി ചോദിച്ചു. ദേശീയതലത്തില്‍ 22 രോഗികളില്‍ ഒന്നുമാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്‌പോള്‍ കേരളത്തില്‍ മൂന്നിലൊന്നും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
വാക്‌സിന്‍ വിതരണം ശാസ്ത്രീയമായാണെന്നും രണ്ടാം തരംഗത്തിന് മുമ്പ് തന്നെ മെഡിക്കല്‍ കപ്പാസിറ്റി കൂട്ടാന്‍ കേരളം ശ്രമിച്ചുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷ ബഹളം ഉണ്ടായി. മരണനിരക്കില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കു പോലും സംശയമുണ്ടെന്നും വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുന്നത് ഇകഴ്ത്തലല്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.
കേരളത്തിന്റെ പശ്ചാലത്തില്‍ മരണനിരക്ക് തീരുമാനിക്കാന്‍ പഠനം വേണമെന്നും വി.ഡി. സതീശന്‍ പറഞ്ഞു. ആരോഗ്യ മന്ത്രി പരാമര്‍ശം പിന്‍വലിക്കണമെന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. ലോകാരോഗ്യ സംഘടനയുടെ രേഖ അനുസരിച്ചാണ് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും കൂടുതല്‍ മരണം 70 നും 80 നും പ്രായം ഉള്ളവരിലാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.