തിരുവനന്തപുരം: നിയമസഭ സമ്മേളത്തിന്റെ അവസാന ദിവസം പ്രതിഷേധവുമായി പ്രതിപക്ഷം. മാടപ്പള്ളിയിലെ പൊലീസ് നടപടിയിൽ പ്രതിപക്ഷം വിയോജിപ്പ് രേഖപ്പെടുത്തി. ഈ സാഹചര്യത്തിൽ സഭാ നടപടികളുമായി സഹകരിക്കാൻ കഴിയില്ലെന്ന് വി ഡി സതീശൻ നിലപാടെടുത്തു. പിന്നാലെ പ്രതിപക്ഷ എംഎൽഎമാർ കെ റെയിലിനെതിരായ പ്ലക്കാർഡുമായി നടുത്തളത്തിലിറങ്ങി.
കെ റെയിലിനെതിരെ ശക്തമായി പ്രതികരിക്കണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും സഭ നടപടികളുമായി സഹകരിക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് സതീശൻ പറഞ്ഞപ്പോൾ നിയമസഭയിൽ ചോദ്യോത്തര വേളയിൽ ഇത്തരം പ്രതിഷേധങ്ങൾ പതിവില്ലെന്നും ശൂന്യവേളയിൽ പരിഗണിക്കാമെന്നും സ്പീക്കർ എം ബി രാജേഷ് അറിയിച്ചു. എന്നാൽ ഇത് അംഗീകരിക്കാൻ പ്രതിപക്ഷം തയ്യാറായില്ല.
കഴിഞ്ഞ ദിവസം വലിയ പ്രതിഷേധമാണ് മാടപ്പള്ളി മുണ്ടുകുഴിയിൽ കല്ല് സ്ഥാപിക്കാനെത്തിയപ്പോൾ ഉണ്ടായത്. നാട്ടുകാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. സമരത്തിനിടെ ഉണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിൽ ഇന്ന് ഹർത്താലാണ്.
കെ റെയിൽ വിരുദ്ധ സംയുക്തസമരസമിതി ആണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. യുഡിഎഫും ബിജെപിയും മറ്റ് ഇതര സംഘടനകളും അടങ്ങുന്നതാണ് സംയുക്തസമരസമിതി. രാവിലെ ആറിന് തുടങ്ങിയ ഹർത്താൽ വൈകിട്ട് ആറു വരെ നീളും.
കല്ലിടലിനെതിരെ സ്ത്രീകളെ പൊലീസ് വലിച്ചിഴച്ച് നീക്കി. സമരത്തിന്റെ മുൻ നിരയിലുണ്ടായിരുന്നവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നാല് സ്ത്രീകൾ ഉൾപ്പടെ 23 പേരാണ് അറസ്റ്റിലായത്. പൊലീസിന് നേരെ മണ്ണെണ്ണ ഒഴിച്ചത് കൊണ്ടാണ് അറസ്റ്റിലേക്ക് നീങ്ങിയതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ സമരമുഖത്ത് ഉപയോഗിച്ചതും അറസ്റ്റിന് കാരണമായെന്ന് പൊലീസ് പറഞ്ഞു.
ജില്ലയിൽ 16 പഞ്ചായത്തുകളിലൂടെയാണ് സിൽവർ ലൈൻ കടന്നുപോകുക. 14 വില്ലേജുകളെ പദ്ധതി ബാധിക്കും. വിവിധ രാഷട്രീയ പാർട്ടികൾ സംയുക്തമായാണ് പ്രതിഷേധം നടത്തിയത്. ജോസഫ് എം പുതുശ്ശേരി അടക്കമുള്ള യുഡിഎഫ് നേതാക്കൾ സ്ഥലത്തെത്തിയിരുന്നു. ബിജെപിയുടെ ശക്തമായ സാന്നിധ്യവും പ്രതിഷേധത്തിലുണ്ട്. ഈ മാസം 24ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പങ്കെടുക്കുന്ന സംരക്ഷണ ജാഥ ബിജെപി കോട്ടയം ജില്ലയിൽ സംഘടിപ്പിക്കുന്നുണ്ട്.