300 കിലോമീറ്റര്‍ അകലെ നിന്നും വെടിവെച്ചുതകര്‍ത്തു! ഏറ്റവും ദൈര്‍ഘ്യമേറിയ ഭൂതല ആക്രമണം,പാക് വിമാനം തകര്‍ത്തതെങ്ങനെയെന്ന് വെളിപ്പെടുത്തി വ്യോമസേന

ബെംഗളൂരു: ഓപ്പറേഷന്‍ സിന്ദൂറിനിടയിലെ ഇന്ത്യയുടെ വ്യോമാക്രമണങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളുമായി വ്യോമസേനാ മേധാവി എയര്‍മാര്‍ഷല്‍ അമര്‍ പ്രീത് സിങ്. ഓപ്പറേഷൻ സിന്ദൂറിനിടെ ഒരു വലിയ പാകിസ്താന്‍ യുദ്ധവിമാനത്തെ 300 കിലോമീറ്റര്‍ അകലെനിന്നാണ് വെടിവെച്ച് തകര്‍ത്തതെന്ന് അമര്‍ പ്രീത് സിങ് പറഞ്ഞു. ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍വെച്ച് ഏറ്റവും ദൈര്‍ഘ്യമേറിയ ഭൂതല ആക്രമണമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. ബെംഗളൂരുവില്‍ നടന്ന ഒരു പരിപാടിയിലാണ് വ്യോമസേനാ മേധാവിയുടെ വെളിപ്പെടുത്തല്‍.

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഏപ്രില്‍ 22-ന് നടന്ന ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനിടെ അഞ്ച് യുദ്ധ വിമാനങ്ങളക്കം പാകിസ്താന്റെ ആറ് വിമാനങ്ങള്‍ തകര്‍ത്തിട്ടുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചിരുന്നു.

‘കുറഞ്ഞത് അഞ്ചു വിമാനങ്ങളെങ്കിലും തകര്‍ത്തതായി ഞങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ അക്കൂട്ടത്തിലെ ഒരു വലിയ വിമാനം, അതൊരു ഇഎല്‍ഐഎന്‍ടിയോ എഇഡബ്ല്യു ആന്‍ഡ് സി വിമാനമോ ആകാം, ഏകദേശം 300 കിലോമീറ്റര്‍ അകലെനിന്നാണ് തകര്‍ത്തത്. ഇത് യഥാര്‍ഥത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതില്‍വെച്ച് ഏറ്റവും വലിയ ഭൂതല ആക്രമണമാണ്’, അദ്ദേഹം പറഞ്ഞു.

പാകിസ്താനിലെ ഷഹബാസ് ജേക്കബാബാദ് വ്യോമതാവളത്തിലെ എഫ്-16 ഹാംഗറിന്റെ പകുതിയും നശിപ്പിച്ചുവെന്നും അതിനുള്ളിലെ ചില വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാകിസ്താന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ക്ക് ഇന്ത്യ കാര്യമായ പ്രഹരമേല്‍പ്പിച്ചതായും ഇനിയും സംഘര്‍ഷം തുടര്‍ന്നാല്‍ നഷ്ടം വര്‍ധിക്കുമെന്ന് പാകിസ്താന് ബോധ്യമായതായും അദ്ദേഹം വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News