കണ്ണൂര്‍: മാസങ്ങളായി ആറളം ഫാമില്‍ കേന്ദ്രീകരിച്ച അഞ്ചിലേറെ കാട്ടാനകളെ ജനവാസ മേഖലയില്‍നിന്ന് കര്‍ണാടക വനത്തിലേക്ക് തുരത്തിയതായി വനം വകുപ്പ്. ആറളം വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് കയറ്റല്‍ ദൗത്യത്തിന് തുടക്കമിട്ടതോടെയാണ് ആദ്യ ദിവസം അഞ്ചിലധികം ആനകളെ വനത്തിലേക്ക് തുരത്തിയോടിച്ചത്. ആറളം ഫാം ഗവ. എച്ച്എസ്എസിന് സമീപത്തെ കാട്ടില്‍ തമ്പടിച്ച കാട്ടാനകളെ ലക്ഷ്യമിട്ടാണ് ഞായറാഴ്ച്ച രാവിലെ ദൗത്യസംഘം ഓപറേഷന്‍ എലിഫെന്റിന് തുടക്കം കുറിച്ചത്.
കാട്ടാനകള്‍ എവിടെയെന്ന് കണ്ടെത്താന്‍ നിയോഗിച്ച സംഘം സ്‌കൂളിനടുത്ത് നിലയുറപ്പിച്ച ആനകളെ കണ്ടെത്തി. പിന്നാലെയെത്തിയ തുരത്തല്‍ സംഘം ആനകളെ പിന്തുടര്‍ന്ന് പടക്കം പൊട്ടിച്ചും മരംവെട്ടു യന്ത്രം പ്രവര്‍ത്തിപ്പിച്ച് ഒച്ചവച്ചും കൂവിയും ആനകളെ വനത്തിലേക്ക് കയറ്റുകയായിരുന്നു. തുരത്തിയ കാട്ടാനകളെ വീണ്ടും ഉള്‍വനത്തിലേക്ക് ഓടിക്കാന്‍ തീരുമാനിച്ചിരുന്നു.
ഇതിനിടെ മേഖലയില്‍ കൂടുതല്‍ ആനകളെ കണ്ടെത്തുകയായിരുന്നു. ഇതുകൂടി കണക്കിലെടുത്ത് തുരത്തല്‍ സംഘം രണ്ടു ഗ്രൂപ്പായി തിരിഞ്ഞ് മുഴുവന്‍ ആനകളെയും വനത്തിലേക്ക് കയറ്റുകയായിരുന്നു. വനാതിര്‍ത്തിയില്‍ വനം വകുപ്പ് നേതൃത്വത്തില്‍ വൈദ്യുത വേലി നിര്‍മിച്ച് സുരക്ഷയൊരുക്കിയതോടെയാണ് ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചത്. ആദിവാസി പുനരധിവാസ മേഖലയില്‍ തമ്പടിച്ച കാട്ടാനകളെയാണ് ഞായറാഴ്ച ആരംഭിച്ച ഒന്നാംഘട്ടത്തില്‍ തുരത്താന്‍ തുടങ്ങിയത്.
വനം വകുപ്പും പൊലീസും ആറളം ഫാം, ടിആര്‍ഡിഎം അധികൃതരും തെരഞ്ഞെടുക്കപ്പെട്ട സന്നദ്ധ പ്രവര്‍ത്തകരുമാണ് കാട്ടാനകളെ തുരത്തുന്നത്. കാട്ടാനകളെ തുരത്തി ശീലമുള്ള വനംവകുപ്പ് ജീവനക്കാര്‍ മുന്നില്‍ നിന്ന് നയിച്ചാണ് തുരത്തല്‍. ഡ്രോണ്‍ ക്യാമറ ഉപയോഗിച്ച് നിരീക്ഷണം നടത്തിയാണ് ജനവാസമേഖലയിലെ വനപരിസരങ്ങളില്‍ കഴിയുന്ന ആനകളെ കണ്ടെത്തുന്നത്.
കൊമ്പനും പിടിയും മോഴയും കുട്ടിയാനകളും ഉള്‍പ്പെടെ നാല്‍പ്പതിലധികം കാട്ടാനകള്‍ ആറളം ഫാമിലും ആദിവാസി പുനരധിവാസമേഖലയിലും ഉണ്ടെന്നാണ് നിഗമനം. ഇവയെ ഘട്ടംഘട്ടമായി വനത്തില്‍ എത്തിക്കുന്ന ശ്രമകരമായ പ്രവര്‍ത്തനത്തിലാണ് ആറളം ഫാം അധികൃതരും വനം വകുപ്പും പൊലീസും സംയുക്തമായി നടത്തിവരുന്നത്. കാട്ടാനകളെ തുരത്തല്‍ തുടങ്ങിയതോടെ ആറളം മേഖലയിലും ഇരിട്ടി താലൂക്കിലെ മറ്റു മലയോര മേഖലയിലും വനംവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.