തിരുവനന്തപുരം: ജര്‍മനിയിലെ ചികിൽസക്ക് ശേഷം മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി തിരിച്ചെത്തി..
പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിലാണ് ഉമ്മൻചാണ്ടിയും കുടുംബവും എത്തിയത്.
ജര്‍മനിയില്‍ ലേസർ ശസ്ത്രക്രിയ ആണ് ഉമ്മൻചാണ്ടിക്ക് നൽകിയത്. ലേസർ ശസ്ത്രക്രിയക്ക് ശേഷം ഉന്മേഷവാനായുള്ള ഉമ്മന്‍ ചാണ്ടിയുടെ ചിത്രം മകൻ ചാണ്ടി ഉമ്മൻ കഴിഞ്ഞ ദിവസം ഫെയ്സ് ബുക്കിൽ പങ്കുവെച്ചിരുന്നു.
നവംബര്‍ ആറിനായിരുന്നു വിദഗ്ധ ചികിത്സയ്ക്കായി ഉമ്മന്‍ ചാണ്ടി ജര്‍മനിയിലേക്ക് തിരിച്ചത്. ആലുവ പാലസിൽ വിശ്രമത്തിലായിരുന്ന ഉമ്മൻചാണ്ടി ജര്‍മനിയിലേക്ക് പോകും മുമ്പ് തന്‍റെ പ്രിയപ്പെട്ട പുതുപ്പള്ളിയിലേക്കും പോയിരുന്നു.
നേരത്തെ ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണങ്ങള്‍ നടന്നിരുന്നു. ഇതേത്തുടര്‍ന്ന് പുതുപ്പള്ളിയിലെ നാട്ടുകാര്‍ ആകെ വിഷമത്തിലായിരുന്നു. പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്നത് വ്യാജ പ്രചാരണമെന്ന് മകൻ ചാണ്ടി ഉമ്മൻ പ്രതികരിച്ചിരുന്നു.
ഒക്ടോബര്‍ 31-ാം തിയതിയായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ 79-ാം പിറന്നാള്‍. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിലെത്തി ആശംസ അറിയിച്ചിരുന്നു. ചികിത്സാർത്ഥം ആലുവയിൽ തങ്ങുന്ന ഉമ്മൻചാണ്ടിയെ സന്ദർശിച്ച പിണറായി കുറച്ച് നേരം സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ട ശേഷമാണ് ഷാളണിയിച്ച് ആശംസ അറിയിച്ച ശേഷമാണ് മടങ്ങിയത്.