കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കോട്ടയം നഗരത്തിലേക്ക് പ്രവേശിച്ചു. കോട്ടയം നഗരിയിൽ തങ്ങളുടെ പ്രിയ നേതാവിനെ ഒരു നോക്കു കാണാൻ പതിനായിരക്കണക്കിനാളുകളാണ് കാത്തുനിൽക്കുന്നത്. ഇന്നലെ രാവിലെ 7 മണിമുതൽ തുടങ്ങിയ വിലാപ യാത്ര ഇന്ന് രാവിലെ പത്തുമണിയോടെയാണ് കോട്ടയം നഗരത്തിലേക്ക് പ്രവേശിച്ചത്.
തിരുനക്കര മൈതാനിയിൽ അന്തിമോപചാരം അർപ്പിക്കാൻ ജനസാഗരം കാത്തുനിൽക്കുകയാണ്. സിനിമാ താരങ്ങളായ മമ്മുട്ടി,സുരേഷ് ഗോപി എംപി, ദിലീപ്, കുഞ്ചാക്കോ ബോബൻ, രമേശ് പിഷാരടി, സിനിമാ നിർമ്മാതാവ് ആന്റോ ജോസഫ് തുടങ്ങിയ പ്രമുഖരും തിരുനക്കര മൈതാനിയിൽ ഉമ്മൻചാണ്ടിയെ കാത്തുനിൽക്കുകയാണ്.
രണ്ടു ഘട്ടമായാണ് പൊതുദർശനം. വള്ളക്കാൽ വീട്ടിലേക്ക് ആദ്യം കൊണ്ടുപോകും. അതിനു ശേഷമായിരിക്കും രണ്ടാമത്തെ പൊതുദർശനം ഉണ്ടാവുക. തിരുനക്കരയിൽ വിപുലമായ ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ 2000 പൊലീസുകാരെയാണ് നിയമിച്ചിട്ടുള്ളത്. മൈതാനിയിൽ ആളുകളെ തങ്ങി നിൽക്കാൻ അനുവദിക്കില്ല. പ്രത്യേകമായി വരി നിന്ന് ആദരമർപ്പിച്ചു മടങ്ങാൻ ജനങ്ങൾക്ക് ചിട്ടയായ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.