ദിസ്പൂർ:നിയമസഭാ തെരഞ്ഞെടുപ്പിന് അഞ്ച് ദിവസം മാത്രം ബാക്കി നില്‍ക്കെ സ്ഥാനാര്‍ത്ഥി ബിജെപി ചേര്‍ന്നു. അസമില്‍ കോണ്‍ഗ്രസ് സഖ്യകക്ഷിയായ ബിപിഎഫ് സ്ഥാനാര്‍ത്ഥിയാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇതോടെ വെട്ടിലായ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ്.
തമല്‍പൂര്‍ മണ്ഡലത്തിലെ ബിപിഎഫ് സ്ഥാനാര്‍ത്ഥി ബസുമതരിയാണ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെല്ലാം അവസാനിച്ച് ശേഷം ബിജെപിയില്‍ ചേര്‍ന്നത്. ബുധനാഴ്ച്ച മുതല്‍ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. പിന്നീടാണ് ബിജെപിയില്‍ ചേര്‍ന്നത്.
മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ബിപിഎഫ് അധ്യക്ഷന്‍ ഹഗ്രാമ മോഹിലറി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏപ്രില്‍ 6 നാണ് ഇവിടെ വോട്ടെടുപ്പ് നടക്കുന്നത്. നേരത്തെ ബിപിഎഫ് പാര്‍ട്ടി ബിജെപി സഖ്യകക്ഷിയായിരുന്നു. പിന്നീട് ബിജെപി യുപിപിഎല്ലുമായി ചേര്‍ന്നതോടെ ബിപിഎഫ് സഖ്യം ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.
ബിപിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് പുതിയ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ അനുവദിക്കണമെന്നും ബസുമതരിക്ക് അനുവദിച്ച ചിഹ്നം പിന്‍വലിക്കണമെന്നും പാര്‍ട്ടി അധ്യക്ഷന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തില്‍ പറയുന്നു.
നേരത്തെ അസമിലെ കരിംഗഞ്ച് ജില്ലയിൽ ബിജെപി എംഎൽഎയുടെ കാറിൽനിന്നു വോട്ടിങ് യന്ത്രം പിടിച്ചത് വിവാദമായിരുന്നു. ബൂത്തിൽ റീപോളിങ്ങിനു തീരുമാനിച്ച തിരഞ്ഞെടുപ്പു കമ്മിഷൻ, പ്രിസൈഡിങ് ഓഫിസറെയും മറ്റു 3 ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തു. വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ജില്ലയിൽ പലയിടത്തും അക്രമമുണ്ടായി.
വ്യാഴാഴ്ച വോട്ടെടുപ്പു നടന്ന രതബാരി മണ്ഡലത്തിലാണ് മറ്റൊരു മണ്ഡലമായ പത്ഥർകാംടിയിലെ സിറ്റിങ് എംഎൽഎയും ബിജെപി സ്ഥാനാർഥിയുമായ കൃഷ്ണേന്ദുപാലിന്റെ കാറിൽനിന്നു വോട്ടിങ് യന്ത്രം പിടികൂടിയത്.
രാത്രി വഴിയിൽവച്ചു നൂറോളം പേർ വാഹനം വളയുകയായിരുന്നു. ഉദ്യോഗസ്ഥർ വോട്ടിങ് യന്ത്രം ഉപേക്ഷിച്ചോടി. സ്ഥിതി നിയന്ത്രിക്കാൻ പൊലീസ് ആകാശത്തേക്കു വെടിവച്ചു. വോട്ടിങ് യന്ത്രം പിന്നീട് പൊലീസ് സ്ട്രോങ് റൂമിലെത്തിച്ചു.
തങ്ങളുടെ കാർ കേടായെന്നും തുടർന്ന് അതുവഴി വന്ന കാറിൽ കയറിയെന്നുമാണ് ഉദ്യോഗസ്ഥരുടെ വാദം. കൃഷ്ണേന്ദുപാലിന്റെ ഭാര്യ മധുമിതയുടെ പേരിലുള്ള കാർ ആണെന്ന് അറിയില്ലായിരുന്നത്രേ. തന്റെ സഹോദരനാണു കാറിലുണ്ടായിരുന്നതെന്നു കൃഷ്ണേന്ദുപാൽ സമ്മതിച്ചു.
വോട്ടിങ് യന്ത്രത്തിന്റെ സീൽ നശിപ്പിച്ചിട്ടില്ലെങ്കിലും റീപോളിങ് നടത്തുമെന്നു കമ്മിഷൻ അറിയിച്ചു.രതബാരി ബിജെപിയുടെ സിറ്റിങ് സീറ്റാണ്. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ബിജെപിക്കെതിരെ രംഗത്തുവന്നു.അസമിൽ തന്നെ ഉദൽഗുരി ജില്ലയിൽ വോട്ടിങ് യന്ത്രം തട്ടിയെടുക്കാൻ ശ്രമിച്ചവർക്കു നേരെ പൊലീസ് റബർ ബുള്ളറ്റ് പ്രയോഗിച്ചു. 2 പേർക്കു പരുക്കേറ്റു.