തിരുവനന്തപുരം : സംസ്ഥാനത്ത് ഊബര്‍ മാതൃകയില്‍ സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ടാക്സി സംവിധാനം ആരംഭിയ്ക്കുന്നു. തിരുവനന്തപുരം നഗരത്തിലാണ് സര്‍ക്കാറിന്റെ ഓണ്‍ലൈന്‍ സംവിധാനം ആദ്യം എത്തുന്നത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസുമായി (ഐടിഐ) സഹകരിച്ചാണ് പദ്ധതി. ഐടിഐയുമായി 24ന് വീണ്ടും ചര്‍ച്ച നടത്തും. കേരള മോട്ടര്‍ വാഹന ക്ഷേമനിധിക്കാണ് ഏകോപനച്ചുമതല. ഐടിഐയുമായി മുന്‍പ് ധാരണയിലെത്തിയെങ്കിലും ചില വ്യവസ്ഥകളില്‍ ബോര്‍ഡ് ഭേദഗതി ആവശ്യപ്പെട്ടിട്ടുണ്ട്. വിശദമായ ചര്‍ച്ചയ്ക്കുശേഷം കരാര്‍ അന്തിമമാക്കും. മോട്ടര്‍ വാഹന ക്ഷേമനിധി അംഗങ്ങളെ പൂര്‍ണമായും ഇതിന്റെ ഭാഗമാക്കും. ഐടിഐ തന്നെയാകും ചെലവ് വഹിക്കുക. ഘട്ടംഘട്ടമായി സര്‍വീസ് തുകയിനത്തില്‍ പണം ഈടാക്കും.
ഓണ്‍ലൈന്‍ ടാക്സി കമ്പനികള്‍ക്കു ബദലായിട്ടാണ് പുതിയ ടാക്സി സംവിധാനം. ആദ്യഘട്ടത്തില്‍ ഓട്ടോറിക്ഷ, ടാക്സി കാറുകള്‍ എന്നിവയാകും പരിധിയില്‍ വരിക. ഭാവിയില്‍ സ്റ്റേജ് കാരിയേജുകളുള്‍പ്പടെ ഉള്‍പ്പെടുത്തുമെന്ന് ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എം.എസ്. സ്‌കറിയ പറഞ്ഞു.