ഗൂഗിള്‍ മാപ്പ് ചതിച്ചു, നിർമാണത്തിലിരുന്ന പാലത്തിൽനിന്ന് മൂക്കുകുത്തി കാർ താഴേക്ക് വീണു;പിന്നീട് സംഭവിച്ചത്‌

ലഖ്‌നൗ: ഓൺലൈൻ മാപ്പ് നോക്കി വാഹനം ഓടിച്ചുണ്ടാകുന്ന അപകടങ്ങൾ ഇപ്പോൾ പതിവായിരിക്കുകയാണ്. കേരളത്തിലുൾപ്പെടെ ഈയടുത്തകാലത്തായി ഇത്തരത്തിലുള്ള ഒട്ടേറെ സംഭവങ്ങളാണ് റിപ്പോർട്ടുചെയ്യപ്പെട്ടത്. പുഴയിലേക്കും കുളത്തിലേക്കും വാഹനം വീണുണ്ടാകുന്ന അപകടങ്ങളിൽനിന്ന് പലരും ഭാഗ്യംകൊണ്ടുമാത്രമാണ് രക്ഷപ്പെടാറ്. ഇപ്പോഴിതാ ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിലെ ദേശീയപാത 24-ലാണ് ഓൺലൈൻ മാപ്പ് ‘ചതിച്ച’ ഏറ്റവും ഒടുവിലത്തെ സംഭവം.

നിർമാണത്തിലിരുന്ന ഒരു മേൽപാലത്തിൽനിന്ന് കാർ താഴേക്ക് പതിക്കുകയായിരുന്നു. ഡ്രൈവർ ഒരു ഓൺലൈൻ മാപ്പ് പിന്തുടർന്ന് കാർ പാലത്തിലേക്ക് ഓടിച്ചുകയറ്റിയതാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. തലനാരിഴയ്ക്കാണ് വാഹനത്തിലെ യാത്രക്കാർ രക്ഷപ്പെട്ടത്. സംഭവശേഷമുള്ള ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

കഴിഞ്ഞ വർഷം, യുപിയിലെ ഫരീദ്പുരിൽ സമാനസംഭവത്തിൽ രണ്ടു സഹോദരന്മാർ ഉൾപ്പെടെ മൂന്നുപേർ മരിച്ചിരുന്നു. ഗൂഗിൾ മാപ് പിന്തുടർന്ന് ഓടിച്ച കാർ തകർന്ന പാലത്തിലേക്ക് കയറുകയും വാഹനം 50 അടി താഴെ പുഴയിലേക്ക് പതിക്കുകയുമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News