കൊച്ചി: ഓണ്‍ലൈന്‍ വായ്പകള്‍ വാങ്ങുന്ന സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്നതായി പരാതി. കൊച്ചി സ്വദേശിയുടെ ആദാര്‍ കാര്‍ഡടക്കമാണ് പോണ്‍ വെബ്‌സൈറ്റുകളില്‍ പ്രചരിക്കുന്നത്. ഓണ്‍ലൈന്‍ വായ്പകള്‍ക്കായി നല്‍കിയ രേഖകളാണ് പ്രചരിപ്പിച്ചിരുന്നത്. ഇതുവരെ 500 ലധികം പരാതികള്‍ ലഭിച്ചിട്ടും നടപടിയെടുക്കാന്‍ സൈബര്‍ വിഭാഗത്തിന് കഴിഞ്ഞിട്ടില്ല. തട്ടിപ്പിന്റെ ഉറവിടം കണ്ടെത്താന്‍ സൈബര്‍ വിഭാഗത്തിനായിട്ടില്ല. പരാതികള്‍ എഫ് ഐ ആറില്‍ ഒതുങ്ങി.
തട്ടിപ്പിന് പിന്നില്‍ ഉത്തരേന്ത്യക്കാരെന്നാണ് പരാതിക്കാരോട് സൈബര്‍ വിഭാഗം സ്ഥിരം നല്‍കുന്ന മറുപടി. ആര്‍ ബി ഐയുടെ ചട്ടങ്ങള്‍ അനുസരിച്ചാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് സൈബര്‍ വിഭാഗത്തിന്റെ നിഗമനം. എന്നാല്‍ സൈറ്റുകളുടെ ഉറവിടം കണ്ടെത്താനോ ഇതുനുപിന്നില്‍ ആരാണെന്ന് കണ്ടെത്താനോ സൈബര്‍ സംഘത്തിന് കഴിഞ്ഞിട്ടില്ല.
കേരളത്തില്‍ നിന്നുള്ള സ്ത്രീകളുടെ ചിത്രങ്ങളും കുടുംബ ചിത്രങ്ങളും വലിയ ഒരു മാര്‍ക്കറ്റിലേക്ക് എത്തുകയാണ്. ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. 5000 രൂപ കൊടുക്കുമ്പോള്‍ ഏകദേശം ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ ലാഭം ഉണ്ടാക്കാന്‍ ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാധിക്കുന്നുണ്ട്. ലോണ്‍ ആവശ്യപ്പെടുന്ന ആപ്പുകളിലേക്ക് കടക്കുന്നവരുടെ സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും ശേഖരിച്ച് പോണ്‍ സൈറ്റുകളിലേക്കും മറ്റ് ഡിജിറ്റല്‍ മാര്‍ക്കറ്റുകളിലേക്കും കൈമാറ്റം ചെയ്യപ്പെടുകയാണ് ഇതിലൂടെ.
ഈ സൈറ്റുകളുടെയൊക്കെ ഉടമസ്ഥത ആരാണെന്നതിലേക്ക് ചെന്നെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. പല തരത്തിലുള്ള പരിമിതികളും ഈ കാര്യത്തില്‍ സൈബര്‍ സെല്‍ നേരിടുന്നുണ്ട്.