റായ്പുര്‍: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനെ ചൊല്ലിയും ഓണ്‍ലൈൻ തട്ടിപ്പ്. ചടങ്ങില്‍ പങ്കെടുക്കുന്നതിന് വിഐപി പാസ് നല്‍കാമെന്ന് വാഗ്ദാനംചെയ്ത് ഓണ്‍ലൈന്‍ ആപ്പ് വഴി തട്ടിപ്പ് നടത്തുന്നതായാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
‘രാമ ജന്മഭൂമി ഗൃഹ സമ്പര്‍ക്ക് അഭിയാന്‍’ എന്ന പേരില്‍ ഒരു ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്താണ് തട്ടിപ്പ് നടത്തുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ ഈ ആപ്പ് പ്രചരിക്കുന്നതായി കണ്ടെത്തിയ ഛത്തീസ്ഗഢ് പോലീസ് ഇത് തട്ടിപ്പാണെന്നും ഇത്തരം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ ആളുകള്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അയോധ്യയിലെ രാമക്ഷേത്ര ട്രസ്റ്റ് ഇത്തരത്തില്‍ ഒരു ഓണ്‍ലൈന്‍ ആപ്പും പുറത്തിറക്കിയിട്ടില്ലെന്നും ഛത്തീസ്ഗഢ് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെങ്കിലും ആപ്പ് വ്യാപകമായി പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത് വിവരങ്ങള്‍ കൈമാറിയാല്‍ അക്കൗണ്ടിലെ പണം നഷ്ടപ്പെടുന്നതിലേക്കുവരെ കാര്യങ്ങളെത്തുമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.