കൊച്ചി: സിനിമ ഓൺലൈൻ റിവ്യൂവിംഗിനെതിരായ ഹർജിയുമായി ബന്ധപ്പെട്ട് പ്രത്യേക പ്രോട്ടോക്കോൾ സംസ്ഥാന പൊലീസ് മേധാവി ഹൈക്കോടതിയിൽ ഹാജരാക്കി. ഓൺലൈൻ റിവ്യൂവിന്റെ പേരിൽ അപകീർത്തികരമായ രീതിയിലോ, പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയോ ചെയ്താൽ കേസെടുക്കാനാകുമെന്ന് പൊലീസ് കോടതിയെ അറിയിച്ചു.
അഭിപ്രായ സ്വാതന്ത്ര്യം അംഗീകരിക്കാമെന്നും എന്നാൽ അതിന്‍റെ മറവിൽ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി അപകീർത്തികരമായ രീതിയിൽ പെരുമാറുന്നത് അംഗീകരിക്കാനാകില്ലെന്നും ഡിജിപി അനിൽകാന്തിന്റെ റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുണ്ട്. ഇതിനെതിരെ എന്ത് ചെയ്യാനാകുമെന്ന് സർക്കാരിനോട് കോടതി ചോദിച്ചിരുന്നു.
അതിനിടെ സിനിമാ റിവ്യൂവിന്റെ പേരിൽ ആദ്യ കേസ് കൊച്ചി സിറ്റി പൊലീസ് രജിസ്റ്റർ ചെയ്തു. റാഹേൽ മകൻ കോര എന്ന സിനിമയുടെ സംവിധായകൻ ഉബൈനിയുടെ പരാതിയിലാണ് കേസെടുത്തത്.
സമൂഹമാധ്യമങ്ങളിലൂടെ സിനിമ മോശമാണെന്ന് വരുത്തിതീർക്കാൻ ശ്രമിച്ചെന്നാണ് പരാതി. എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒൻപത് പേരാണ് പ്രതിസ്ഥാനത്തുള്ളത്. യൂട്യൂബിനെയും ഫെയ്സ്ബുക്കിനെയും പ്രതിചേർത്തിട്ടുണ്ട്.