കോഴിക്കോട്: ഗവർണറുടെ സന്ദർശനത്തിനിടെ മിഠായി തെരുവിൽ കുഴഞ്ഞു വീണ ചേവായൂർ സ്വദേശി മരിച്ചു. അശോകൻ അടിയോടി (70) ആണ് മരിച്ചത്.
കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം.
സുരക്ഷാ നിർദേശങ്ങൾ അവഗണിച്ചാണ് ഗവർണർ കോഴിക്കോട് എസ് എം സ്ട്രീറ്റിൽ ജനങ്ങൾക്കിടയിലേക്ക് എത്തിയത്. ഹൽവ വാങ്ങാനാണ് താൻ എസ്എം സ്ട്രീറ്റിൽ എത്തിയതെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞത്. യുവമോർച്ച നേതാക്കളും ഗവർണർക്കൊപ്പം ഉണ്ടായിരുന്നു.
“നഗരത്തിലേക്ക് ഇറങ്ങുക തന്നെ ചെയ്യും. ഒരു സുരക്ഷയും ആവശ്യമില്ല. കേരളത്തിലെ ജനങ്ങൾ എന്നെ സ്നേഹിക്കുന്നു. എസ്എഫ്ഐ മാത്രമാണ് പ്രതിഷേധിക്കുന്നത്. ആരും എന്നെ ആക്രമിക്കില്ല”- ഗവർണർ പറഞ്ഞു.
പ്രതിഷേധക്കാരെ വെല്ലുവിളിച്ചാണ് ആരിഫ് മുഹമ്മദ് ഖാൻ കോഴിക്കോട് മാനാഞ്ചിറയിലെത്തിയത്. തുടര്‍ന്ന് മിഠായി തെരുവിലൂടെയും നടന്നു.തനിക്ക് പൊലീസ് സംരക്ഷണം ആവശ്യമില്ലെന്നും നഗരത്തിലേക്ക് പോകുകയാണെന്നും പറഞ്ഞാണ് ഗവർണർ മാനാഞ്ചിറയിലേക്ക് എത്തിയത്. പൊലീസ് സംരക്ഷണം ആവശ്യമില്ലെന്ന് വ്യക്തമാക്കി ഡിജിപിക്ക് കത്തയച്ചിട്ടുണ്ട്. മിഠായി തെരുവിലിറങ്ങിയ ഗവര്‍ണര്‍ കോഴിക്കോട് ഹലുവ രുചിച്ചും ജനങ്ങള്‍ക്കൊപ്പം ഫോട്ടോയെടുത്തുമാണ് മടങ്ങിയത്.
കേരള പൊലീസ് രാജ്യത്ത് തന്നെ ഏറ്റവും മികച്ച സേനയാണെന്നും എന്നാൽ അവരെ ജോലി ചെയ്യാൻ അനുവദിക്കുന്നില്ലെന്നും ഗവർണർ കുറ്റപ്പെടുത്തി.തിരുവനന്തപുരത്ത് മൂന്നിടത്ത് അതിക്രമമുണ്ടായി. അവസാനം കാർ നിർത്തി ഇറങ്ങിയപ്പോൾ മാത്രമാണ് പൊലീസ് നടപടിക്ക് തയ്യാറായത്. കേരളത്തിലെ ജനങ്ങളിൽനിന്ന് തനിക്ക് ഭീഷണിയില്ല. കേരളത്തിലെ ജനങ്ങൾക്ക് തന്നോട് ഇഷ്ടമാണ്,ബഹുമാനമാണ്. കണ്ണൂരിലെ ജനങ്ങളെ കുറിച്ച് ഞാൻ ഒന്നും പറഞ്ഞിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.