KeralaNews

തൃശ്ശൂരില്‍ സിഎന്‍ജി ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു

തൃശ്ശൂര്‍:തൃശ്ശൂരില്‍ സിഎന്‍ജി ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു. തൃശ്ശൂര്‍ പെരിങ്ങാവ് സ്വദേശിയാണ് മരിച്ചത്. തൃശ്ശൂര്‍ ഗാന്ധിനഗറിലാണ് സംഭവം. സിഎന്‍ജി ഇന്ധനത്തില്‍ ഓടുന്ന ഓട്ടോറിക്ഷയില്‍നിന്ന് വലിയ രീതിയില്‍ തീ ഉയരുകയായിരുന്നു. ആത്മഹത്യയാണെന്നാണ് സംശയിക്കുന്നത്. ഓട്ടോറിക്ഷ പൂര്‍ണമായും കത്തിനശിച്ചു. ഓട്ടോയിലുണ്ടായിരുന്നയാള്‍ വെന്തുമരിക്കുകയായിരുന്നു. മരിച്ചയാളുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ആളൊഴിഞ്ഞ ഇടറോഡില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയാണ് കത്തിയമര്‍ന്നത്. സ്ഥലത്ത് പൊലീസും ഫയര്‍ഫോഴ്സും ഉള്‍പ്പെടെ എത്തി തുടര്‍ നടപടി സ്വീകരിച്ചു. ആളൊഴിഞ്ഞ സ്ഥലമായതിനാല്‍ തീ മറ്റിടങ്ങളിലേക്ക് പടര്‍ന്നില്ല.

ഇന്ന് ഉച്ചയ്ക്കാണ് സംഭവം. നാട്ടുക്കാരാണ് ഫയര്‍ഫോഴ്സിനെയും പൊലീസിനെയും വിവരം അറിയിച്ചത്. ഫയര്‍ഫോഴ്സെത്തി തീ അണച്ചപ്പോഴേക്കും ഓട്ടോറിക്ഷ പൂര്‍ണമായും കത്തനശിച്ചിരുന്നു. പിന്‍ഭാഗത്തെ സീറ്റില്‍  പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പെട്രോള്‍ കാനുമായി ഓട്ടോറിക്ഷയ്ക്ക് സമീപം ഒരാള്‍ നിന്നിരുന്നതായി നാട്ടുകാരിലൊരാള്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ആത്മഹത്യയാകാമെന്നാണ് പ്രാഥമിക നിഗമനെന്ന് പൊലീസ് പറയുന്നത്. എന്നാല്‍, കൂടുതല്‍ പരിശോധനക്കുശേഷമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുകയുള്ളുവെന്നും മരിച്ചയാള്‍ ആരാണെന്നത് ഉള്‍പ്പെടെ സ്ഥിരീകരിക്കേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു.

സംഭവം നടന്ന സ്ഥലം പൊലീസ് സീല്‍ ചെയ്തതിരിക്കുകയാണ്. ഫോറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തി വിശദമായി പരിശോധന നടത്തും. അസാധാരണമായ സംഭവത്തിന്‍റെ ഞെട്ടലിലാണ് നാട്ടുകാര്‍. പെരിങ്ങാവില്‍ ഓട്ടോ ഡ്രൈവറായ പ്രമോദ് എന്ന 48കാരന്‍റെ ഓട്ടോറിക്ഷയാണിതെന്നും ഭാര്യയുടെ പേരിലുള്ളതാണ് ഓട്ടോയെന്നുമാണ് സുഹൃത്തുക്കളും മറ്റു ഓട്ടോ ഡ്രൈവര്‍മാരും പറയുന്നത്. അതേസമയം, മൃതദേഹം പൂര്‍ണമായും കത്തനശിച്ചതിനാല്‍ തന്നെ മരിച്ചയാള്‍ ആരാണെന്ന് സ്ഥിരീകരിക്കാന്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നാണ് പൊലീസ് അറിയിക്കുന്നത്. 

ഇക്കഴിഞ്ഞ ഒക്ടോബറില്‍ കണ്ണൂരില്‍ ബസിടിച്ച് മറിഞ്ഞ സിഎന്‍ജി ഇന്ധനത്തില്‍ ഓടുന്ന ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചിരുന്നു. അപകടത്തില്‍ ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഡ്രൈവറും യാത്രക്കാരനും മരിച്ചിരുന്നു. കൂത്തുപറമ്പ് ആറാം മൈലിലാണ് ദാരുണമാമായ അപകടമുണ്ടായത്. ബസിടിച്ചശേഷം ഓട്ടോറിക്ഷ മറിയുകയായിരുന്നു. ഉടനെ തന്നെ ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button