FeaturedKeralaNews

മലപ്പുറത്ത് ഒരാൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു; ആരോഗ്യപ്രശ്നങ്ങളില്ല

മലപ്പുറം: ജില്ലയിൽ ഒരാൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. ഒമാനിൽനിന്നെത്തിയ മംഗളൂരു സ്വദേശിക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചയാൾ മഞ്ചേരി മെ‍ഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾക്കു മറ്റു ആരോഗ്യപ്രശ്നങ്ങളില്ല.

കഴിഞ്ഞ ദിവസം യുഎഇയിൽ നിന്ന് എറണാകുളത്തെത്തിയ ദമ്പതികൾക്കും ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. ഡിസംബർ എട്ടിന് യുഎഇയിൽ നിന്ന് ഷാർജ വഴി എറണാകുളത്ത് എത്തിയ ദമ്പതികൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. റിസ്ക് രാജ്യങ്ങളുടെ പട്ടികയിൽ യു.എ.ഇ ഇല്ലാത്തതിനാൽ ഇവർ ക്വാറന്റീന് പകരം സ്വയം നിരീക്ഷണത്തിലായിരുന്നു.

 11നും 12നും നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവും , ജനിതക പരിശോധനയിൽ ഒമിക്രോൺ പോസിറ്റിവും ആവുകയായിരുന്നു. ഭർത്താവിന്റെ സമ്പർക്ക പട്ടികയിൽ 6 പേരും, ഭാര്യയുടെ സമ്പർക്ക പട്ടികയിൽ ഒരാളുമാണ് ഉള്ളത്. വിമാനത്തിൽ അടുത്ത് യാത്ര ചെയ്തവരെ അടക്കം ഹൈറിസ്കിൽ ഉള്ളവരെ പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്.

ഇതോടെ സംസ്ഥാനത്ത് ആകെ ഒമിക്രോൺ കേസുകൾ എട്ടായി. ഇവരിൽ നാല്  പേരാണ് റിസ്ക് രാജ്യങ്ങളിൽ  നിന്നല്ലാതെ എത്തി ഒമിക്രോൺ സ്ഥീരികരിവർ. റിസ്ക് രാജ്യങ്ങളിൽ നിന്നല്ലാത്തവരിൽ സ്വയം നിരീക്ഷണം കർശനമാക്കാൻ സർക്കാർ നടപടി തുടങ്ങി.  14 ദിവസം കർശനമായി സ്വയം നിരീക്ഷണത്തിൽ തുടരാനാണ് നിർദേശം.

 രാജ്യത്ത് ഇതുവരെ പതിനൊന്ന് സംസ്ഥാനങ്ങളിലായി 101 പേർക്കാണ് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്.  രാജ്യത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം നൂറ് കടന്നതോടെ കേരളത്തിലേതടക്കം രോഗവ്യാപനം കൂടിയ 19 ജില്ലകൾക്ക് കേന്ദ്രം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. രോഗവ്യാപനം ആശങ്കയാകുന്ന സാഹചര്യത്തിൽ അനാവശ്യ യാത്രകൾ ഒഴിവാക്കണ‌മെന്നും ആൾക്കൂട്ടങ്ങൾക്കും ആഘോഷങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തണമെന്നും ആരോ​ഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി

ഇന്ത്യയിൽ ഒമിക്രോൺ വളരെ വേഗത്തിൽ പടരുകയാണെന്നും യുകെയിലും ഫ്രാൻസിലുമുള്ള അണുബാധയുടെ വ്യാപന തോത് നോക്കുമ്പോൾ രാജ്യത്ത് പ്രതിദിനം ലക്ഷക്കണക്കിന് കേസുകളിലേക്ക് വർദ്ധിച്ചേക്കാമെന്നും സർക്കാരിന്റെ കോവിഡ് ടാസ്ക് ഫോഴ്സ് മേധാവി മുന്നറിയിപ്പ് നൽകി.

നിലവിൽ 11 സംസ്ഥാനങ്ങളിലായി 101 ഒമിക്രോൺ കേസുകളാണ് ഇന്ത്യയിൽ സ്ഥിരീകരിച്ചിട്ടുള്ളത്. ‘യുകെയിലെ വ്യാപനത്തിന്റെ തോതനുസരിച്ച്, ഇന്ത്യയിൽ സമാനമായ വ്യാപനം ഉണ്ടാവുകയാണെങ്കിൽ, നമ്മുടെ ജനസംഖ്യ കണക്കിലെടുക്കുമ്പോൾ, പ്രതിദിനം 14 ലക്ഷം കേസുകൾ വരെ ഉണ്ടായേക്കാം. ഫ്രാൻസിൽ 65,000 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ തോത് വെച്ച് നോക്കുമ്പോൾ രാജ്യത്തെ ജനസംഖ്യ അടിസ്ഥാനമാക്കി പ്രതിദിനം 13 ലക്ഷം കേസുകൾ വരെ ഉണ്ടാകാം’, കോവിഡ് ടാസ്ക് ഫോഴ്സ് മേധാവി വി.കെ.പോൾ പറഞ്ഞു.

യുകെയിൽ എക്കാലത്തേയും റെക്കോർഡ് കോവിഡ് കേസുകളാണ് നിലവിൽ പ്രതിദിനം റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. 88,042 കേസുകളാണ് 24 മണിക്കൂറിനിടെ യുകെയിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ 2.4 ശതമാനം ഒമിക്രോൺ കേസുകളാണ്. 80 ശതമാനം ഭാഗിക പ്രതിരോധ കുത്തിവയ്പ്പുകൾ നടത്തിയിട്ടും യൂറോപ്പ് ഗുരുതരമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഡെൽറ്റ തരംഗം അവിടെ ആഞ്ഞടിക്കുകയാണെന്നും ഡോ.പോൾ പറഞ്ഞു.

അനാവശ്യ യാത്രകൾ, തിരക്ക്, പുതുവത്സര ആഘോഷങ്ങൾ എന്നിവയിൽ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഈ രീതിയിൽ കടന്നുപോകുകയാണെങ്കിൽ ഒമിക്രോൺ ഡെൽറ്റയെ മറികടക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഡെൽറ്റ വ്യാപനം കുറവായിരുന്ന ദക്ഷിണാഫ്രിക്കയിൽ അതിനേക്കാൾ വേഗതയിലാണ് ഒമിക്രോണിന്റെ വ്യാപനമുള്ളതെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button