FeaturedHome-bannerKeralaNews

രാജ്യാന്തര ശൃംഖലയിലെ കണ്ണി ‘ക്യാപ്റ്റൻ’ കൊച്ചിയിൽ പിടിയിൽ

കൊച്ചി: രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ നിന്ന് പിടികൂടിയത്. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ബെംഗളൂരു മൈക്കോ പോലീസിന്‍റെ സഹകരണത്തോടെയാണ് പ്രതിയെ പിടികൂടിയത്.

മയക്കുമരുന്ന് സംഘങ്ങൾക്കിടയിൽ ക്യാപ്റ്റൻ എന്നറിയപ്പെടുന്ന റെംഗാര പോൾ 2014-ൽ ആണ് സ്റ്റുഡൻറ് വിസയിൽ ബെംഗളൂരുവിലെത്തിയത്. പിന്നീട് ഇയാൾ പഠിക്കാൻ പോകാതെ മയക്കുമരുന്ന് വിപണനത്തിലേക്ക് തിരിയുകയായിരുന്നു. കൂടാതെ രാസലഹരി നിർമിക്കാനും തുടങ്ങി. ഈ നിർമാണത്തെ കുക്ക് എന്ന പേരിലാണ് അറിയപ്പെടുന്നത്. കേരളത്തിലേക്കെത്തുന്ന രാസലഹരിയിൽ ഭൂരിഭാഗവും ഇയാളുടെ സംഘം വഴിയാണെന്നാണ് കരുതപ്പെടുന്നത്. കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നാണ് സംഘം വിൽപന നടത്തിയിട്ടുള്ളത്.

ഗൂഗിൾ പേ വഴി തുക അയച്ചുകൊടുത്താൽ മയക്കുമരുന്ന് ആളില്ലാത്ത സ്ഥലത്ത് കൊണ്ടു വയ്ക്കുകയും പിന്നാലെ ഇതിന്റെ ലൊക്കേഷൻ മാപ്പ് അയച്ചു കൊടുക്കുന്നതുമാണ് ഇയാളുടെ രീതി. ആവശ്യക്കാരൻ അവിടെപ്പോയി മയക്കുമരുന്ന് ശേഖരിക്കണം. ഫോൺ വഴി ഇയാളെ ബന്ധപ്പെടാൻ സാധിക്കില്ല.

കഴിഞ്ഞ മാസം 200 ഗ്രാം എം.ഡി.എം.എ യുമായി വിപിൻ എന്നയാളെ അങ്കമാലിയിൽവെച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബെംഗളൂരുവിൽനിന്ന് ടൂറിസ്റ്റ് ബസിൽ രാസലഹരി കടത്തുന്നതിനിടയിലാണ് ഇയാൾ പിടിയിലാകുന്നത്. അതിന്‍റെ തുടരന്വേഷണമാണ് കോംഗോ സ്വദേശിയിലേക്കെത്തിയത്.

ദിവസങ്ങളോളം പലയിടങ്ങളിൽ രാപ്പകൽ തമ്പടിച്ചാണ് പ്രതിയെ നിരീക്ഷണ വലയത്തിലാക്കി ബെംഗളൂരു പോലീസിന്‍റെ സഹായത്തോടെ കസ്റ്റഡിലെടുത്തത്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ ഡി.വൈ.എസ്.പി എ.പ്രസാദ്, എ.എസ്.പി ട്രെയിനി അഞ്ജലി ഭാവന, ഇൻസ്പെക്ടർ പി.ലാൽ കുമാർ, എസ്.ഐ എൻ.എസ്.റോയി, സീനിയർ സി പി ഒ മാരായ എം.ആർ.മിഥുൻ, കെ.ആർ മഹേഷ്, സി പി ഒ മാരായ അജിതാ തിലകൻ, എബി സുരേന്ദ്രൻ, ഡാൻസാഫ് ടീം തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ഓപ്പറേഷൻ ക്ലീനിന്‍റെ ഭാഗമായി കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ 745 എൻ.ഡി.പി.എസ് കേസുകളാണ് റൂറൽ ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button