കൂട്ടിക്കലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി; തെരച്ചില്‍ പുരോഗമിക്കുന്നു

കോട്ടയം: സര്‍വനാശം വിതച്ച് കോട്ടയം ജില്ലയിലെ കൂട്ടിക്കലുണ്ടായ മലവെള്ളപ്പാച്ചിലിലും ഉരുള്‍പൊട്ടലിലും മരിച്ച ഒരാളുടെ കൂടി മൃതദേഹം കണ്ടെത്തി. ഇളംകാട് സ്വദേശിയായ ഓലിക്കല്‍ ഷാലറ്റ്(29) എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഓട്ടോ ഡ്രൈവറായിരുന്നു ഷാലറ്റ്. ഇതോടെ കൂട്ടിക്കല്‍ നിന്നും കണ്ടെത്തിയ മരിച്ചവരുടെ എണ്ണം നാലായി. കൂട്ടിക്കല്‍ നിന്നും കാണാതായ ആറുപേര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.

അതേസമയം അടുത്ത് മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

ഈ ജില്ലകളില്‍ മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നീ ജില്ലകളില്‍ ആയിരക്കണക്കിന് പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. കോട്ടയത്ത് 33ഉം ആലപ്പുഴയില്‍ 12ഉം പത്തനംതിട്ടയില്‍ 15ഉം ക്യാമ്പുകളാണ് തുറന്നിരിക്കുന്നത്. കോട്ടയം കാഞ്ഞിരപ്പള്ളി താലൂക്കില്‍ 19ഉം മീനച്ചില്‍ താലൂക്കില്‍ 13 ഉം കോട്ടയത്ത് ഒന്നും ദുരിതാശ്വാസ ക്യാമ്പുകളാണുള്ളത്. 321 കുടുംബങ്ങളിലായി 1196 അംഗങ്ങളാണ് ക്യാമ്പുകളിലുള്ളത്. മണിമല അടക്കം ജനങ്ങള്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ രാവിലെ ഹെലികോപ്ടറില്‍ ഭക്ഷണമെത്തിക്കും.

അതേസമയം, കഴിഞ്ഞദിവസം ഉരുള്‍പൊട്ടലുണ്ടായ കൊക്കയാറിലും കൂട്ടിക്കലിലും കാണാതായവര്‍ക്ക് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കൂട്ടിക്കലില്‍ ആറു പേരെയും കൊക്കയാറില്‍ എട്ട് പേരെയുമാണ് ഇനി കണ്ടെത്താനുള്ളത്. കൂട്ടിക്കലില്‍ 40 അംഗ സൈന്യം ഇവിടെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയിട്ടുണ്ട്. കൊക്കയാറില്‍ തെരച്ചിലിന് ഡോഗ് സ്‌ക്വാഡും തൃപ്പുണിത്തുറ, ഇടുക്കി എന്നിവിടങ്ങളില്‍ നിന്നും എത്തും.

ഫയര്‍ ഫോഴ്‌സ്, എന്‍ഡിആര്‍എഫ്, റവന്യു, പോലീസ് സംഘങ്ങള്‍ ഉണ്ടാകും. പലയിടങ്ങളിലും മണ്ണിടിച്ചില്‍ ഉണ്ടാകുകയും റോഡ് ഒലിച്ചുപോയതുമാണ് രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചത്. കൂട്ടിക്കലില്‍ ഉരുള്‍പൊട്ടലില്‍ മൂന്നു പേര്‍ മരിച്ചിരുന്നു. കൂട്ടിക്കല്‍ പ്ലാപ്പള്ളിയില്‍ രണ്ടിടത്താണ് ഉരുള്‍പൊട്ടിയത്. ഉരുള്‍പൊട്ടലിനെത്തുടര്‍ന്നു കൊക്കയാറില്‍ ഏഴു വീടുകള്‍ പൂര്‍ണമായി തകര്‍ന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News