KeralaNews

വിഴിഞ്ഞം തുറമുഖത്ത് എത്തിച്ച ക്രെയിനുകളിൽ ഒന്ന് കൂടി കരയ്ക്കിറക്കി, അവശേഷിയ്ക്കുന്നത് സൂപ്പർ പോസ്റ്റ് പാനാ മാക്സ് ക്രെയിനാണ്

തിരുവനന്തപുരം: ചൈനീസ് ചരക്ക് കപ്പലായ സെൻഹുവ 15 ൽ വിഴിഞ്ഞം തുറമുഖത്ത് എത്തിച്ച ക്രെയിനുകളിൽ ഒന്ന് കൂടി ഇന്നലെ കരയ്ക്കിറക്കി. റെയിൻ മൗണ്ടഡ് ഗാൻട്രി ക്രെയിനുകളിൽ രണ്ടാമത്തെതാണ് ഇന്നലെ ഉച്ചയ്ക്ക് ശേഷം കരയ്ക്കിറക്കിയത്. ഇന്നലെ പുലർച്ചെ 4 മണിയോടെ ക്രെയിൻ പുറത്തിറക്കാൻ ആദ്യം ശ്രമം നടത്തിയെങ്കിലും ശക്തമായ  കടൽ ക്ഷോഭം കാരണം  ഇറക്കാനായില്ല. ഇതോടെ ആദ്യ ശ്രമം 8 മണിയോടെ ഉപേക്ഷിച്ചു. 

തുടർന്ന് ഉച്ചയ്ക്ക് 2.30 ന് കടൽ അല്പം ശാന്തമായതിനെ തുടർന്നാണ് ക്രെയിൻ പുറത്തിറക്കാനുള്ള നടപടികൾ വീണ്ടും തുടങ്ങിയത്. ഉച്ചയ്ക്ക് 2.30 ന് തുടങ്ങിയ ദൗത്യം ഒന്നര മണിക്കൂർ കൊണ്ട് പൂർത്തിയാക്കി  4 മണിയോടെ  ക്രെയിൻ ബർത്തിലിറക്കി. രണ്ട് റെയിൻ മൗണ്ടഡ് ഗാൻട്രി ക്രെയിനുകളിൽ ആദ്യത്തേത് രണ്ട് ദിവസം മുമ്പ് കരയ്ക്കിറക്കിയിരുന്നു.

1100 ടണ്ണിലേറെ ഭാരമുള്ള ഒരു സൂപ്പർ പോസ്റ്റ് പാനാ മാക്സ് ക്രെയിനാണ് ഇനി ഇറക്കാനുള്ളത്. ഇന്ന് സാഹചര്യം അനുകൂലമായാൽ  ഈ ക്രെയിനും കരയ്ക്കിറക്കി നാളെ രാവിലെയോടെ കപ്പലിന് മടങ്ങാനാവുമെന്ന കണക്കുകൂട്ടലിലാണ് ബന്ധപ്പെട്ടവർ.

കടൽക്ഷോഭവും ചൈനീസ് തൊഴിലാളികൾക്ക് കരയ്ക്കിറങ്ങാനുള്ള വിസ ലഭിക്കാനുള്ള നിയമ തടസവും കാരണം ക്രെയിനുകൾ തുറമുഖത്ത് ഇറക്കാനുള്ള നടപടികൾ നീണ്ടുപോകുകയായിരുന്നു. തടസങ്ങൾ നീങ്ങി വിദഗ്ധ തൊഴിലാളികൾക്ക് വിസ ലഭ്യമാവുകയും കടൽ ക്ഷോഭത്തിന് നേരിയ ശമനമുണ്ടാവുകയും  ചെയ്തതോടെയാണ് രണ്ട് ദിവസങ്ങളിലായി രണ്ട് ക്രെയിനുകൾ ഇറക്കാനായത്.

വാര്‍ഫിൽ ഇറങ്ങാൻ അനുമതി ലഭിച്ച മൂന്ന് ചൈനീസ് തൊഴിലാളികൾ ഉൾപ്പെടെയുള്ളവരും അദാനി ഗ്രൂപ്പിലെ വിദഗ്ധ തൊഴിലാളികളും വാട്ടർലൈൻ, വില്യംസ് ഷിപ്പിംഗ് ഏജൻസികളിൽ നിന്നുളളവരുമടങ്ങുന്ന  സംഘമാണ് ക്രെയിനുകൾ പുറത്തിറക്കി ഉറപ്പിക്കുന്നതിന് മേൽനോട്ടം വഹിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button