പാലക്കാട് ചെറുപുഴയിൽ യുവതി മുങ്ങിമരിച്ചു; കൂടെയുണ്ടായിരുന്ന രണ്ടുപേർ ഗുരുതര നിലയിൽ

പാലക്കാട്: കരിമ്പുഴ കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപം യുവതി മുങ്ങിമരിച്ചു. കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ അത്യാസന്ന നിലയില്‍ ചികിത്സയിലാണ്. പാറക്കല്‍ റിസ്വാന (19) ആണ് മരിച്ചത്. പുത്തന്‍വീട്ടില്‍ ബാദുഷ (20), ചെറുമല ദീമ മെഹ്ബ (20) എന്നിവരാണ് അപകടത്തില്‍പ്പെട്ട മറ്റുരണ്ടുപേർ. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം.

കാരാക്കുര്‍ശ്ശി ഗ്രാമപഞ്ചായത്തിലെ അരപ്പാറ സ്വദേശികളാണ് മൂവരും. ചെറുപുഴ പാലത്തിന് സമീപമുള്ള പുതുതായി വാങ്ങിയ തോട്ടത്തിലെത്തിയതാണ് റിസ്വാനയും ബാദുഷയും മെഹ്ബയും. അവിടെനിന്ന് കുളിക്കാന്‍ പുഴയിലേക്ക് ഇറങ്ങുകയായിരുന്നു. പിന്നീട് എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല.

വെള്ളത്തില്‍ മുങ്ങിയ നിലയില്‍ കണ്ട മൂന്നുപേരെയും നാട്ടുകാരും ട്രോമാകെയര്‍ വാളണ്ടിയര്‍മാരും ചേര്‍ന്നാണ് കരയ്‌ക്കെത്തിച്ചത്. ഉടന്‍തന്നെ വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും റിസ്വാന മരിക്കുകയായിരുന്നു. ബാദുഷയും മെഹ്ബയും വെന്റിലേറ്ററിലാണുള്ളത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News