ലക്‌നോ: ഓക്‌സിജന്‍ പ്ലാന്റില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ പങ്കി ഗ്യാസ് പ്ലാന്റിലാണ് അപകടം നടന്നത്. മുറാദ് അലി എന്ന ജീവനക്കാരനാണ് മരിച്ചത്. പ്ലാന്റ് സൂപ്പര്‍വൈസര്‍ അജയ്, റോയല്‍ ഹോസ്പിറ്റല്‍ ജീവനക്കാരന്‍ ഹരി ഓം എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്കു മാറ്റി.
ഡല്‍ഹിയില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ പൂഴ്ത്തിവച്ച് കരിഞ്ചന്തയില്‍ വില്‍പ്പന നടത്തിയ രണ്ടു പേര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരിന്നു. ഡല്‍ഹിയിലെ പഞ്ചാബി ബാഗില്‍ നിന്നുമാണ് ഇവര്‍ അറസ്റ്റിലായത്. വികാസ്പുരി സ്വദേശി ശ്രേയ് ഒ്രബേ(30), ഷാലിമാര്‍ ബാഗ് സ്വദേശി അഭിഷേക് നന്ദ(32) എന്നിവരാണ് പിടിയിലായത്.
ഒബ്രെയുടെ നേതൃത്വത്തില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നു ഓക്‌സിജന്‍ സിലിണ്ടറുകളും കാറും കണ്ടെടുത്തു. സമൂഹമാധ്യമങ്ങള്‍ വഴിയാണ് ഇയാള്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ വില്‍പ്പന നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ കൊവിഡ് ചികിത്സയില്‍ പാളിച്ചകളില്ലെന്നും, സംസ്ഥാനത്ത് ഓക്‌സിജന്‍ ക്ഷാമമില്ലെന്നുമുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനം കളവെന്ന് തെളിയുന്നു. നിരവധി ആശുപത്രികള്‍ ആവശ്യത്തിന് ഓക്‌സിജന്‍ ലഭിക്കാതെ കഷ്ടപ്പെടുന്നതായി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഓക്‌സിജന്‍ ക്ഷാമത്തെക്കുറിച്ച് പരസ്യമായ പ്രതികരിക്കുന്ന ആശുപത്രികളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന സര്‍ക്കാര്‍ ഭീഷണി നിലനില്‍ക്കുന്നതിനാലാണ് ആശുപത്രി അധികൃതര്‍ പരസ്യ പ്രതികരണത്തിന് മുതിരാത്തത്.
അതേസമയം ഓക്‌സിജന്‍ സിലിണ്ടര്‍ ആവശ്യപ്പെട്ട് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടയാള്‍ക്കെതിരെ കേസെടുത്ത സംഭവവും ഏറെ വിവാദമായിട്ടുണ്ട്. ഓക്‌സിജന്‍ ക്ഷാമത്തെക്കുറിച്ച് പരസ്യപ്രതികരണം നടത്തിയതിന് മീററ്റ് ആശുപത്രിക്കെതിരെ അധികൃതര്‍ നോട്ടീസ് നല്‍കിയിരുന്നു. ഓക്‌സിജന്‍ ക്ഷാമമില്ലെന്നും ആവശ്യമായ അത്രയും അളവില്‍ വിതരണം ചെയ്യുന്നുവെന്നും ആവര്‍ത്തിക്കുന്ന മുഖ്യമന്ത്രി ‘പരിഭ്രാന്തി പരത്തുന്നവരെ’ തടയാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.