ന്യൂഡൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനെക്കുറിച്ച് പഠിച്ച രാംനാഥ് കോവിന്ദ് സമിതി റിപ്പോർട്ട് രാഷ്ട്രപതി ദ്രൗപതി മുർമുവിന് കൈമാറി. സമിതിയിലെ അംഗങ്ങൾ രാഷ്ട്രപതി ഭവനിൽ ഒന്നടങ്കമെത്തിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. 11,000 പേജുകളുളള റിപ്പോർട്ടാണ് കൈമാറിയത്.
2029ഓടുകൂടി പുതിയ ആശയം ഇന്ത്യയിൽ നടപ്പാക്കണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പുതിയ തീരുമാനം നിലവിൽ വരികയാണെങ്കിൽ ഭരണഘടനയിലെ ആറ് അനുച്ഛേദങ്ങളെങ്കിലും മാറ്റേണ്ടി വരുമെന്നും സമിതി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സർക്കാർ വീണ്ടും അധികാരത്തിലെത്തുകയാണെങ്കിൽ പുതിയ ആശയം നടപ്പാക്കുമെന്നും ബിജെപി വാഗ്ദ്ധാനം ചെയ്തിട്ടുണ്ട്.
ഈ ആശയം നടപ്പിലാവുകയാണെങ്കിൽ തിരഞ്ഞെടുപ്പ് ചിലവിൽ ലാഭിക്കുന്ന പണം രാജ്യത്തെ വികസന പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാനാകുമെന്നും രാംനാഥ് കോവിന്ദ് മുൻപ് തന്നെ പറഞ്ഞിരുന്നു.
ഒന്നിച്ച് തിരഞ്ഞെടുപ്പുകൾ നടത്തുന്നതിലെ സാമ്പത്തിക ലാഭത്തെ കുറിച്ച് 15–ാം ധനകാര്യ ചെയർപേഴ്സൺ എൻ കെ സിംഗിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ അവലോകനം റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഒരേസമയം തിരഞ്ഞെടുപ്പ് നടത്താൻ ആവശ്യമായ സാമ്പത്തിക, ഭരണപരമായ സ്രോതസ്സുകളെ കുറിച്ചും റിപ്പോർട്ടിൽ വിശകലനം ചെയ്യുന്നുണ്ട്. മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടേതുൾപ്പടെയുള്ളവരിൽ നിന്ന് ശേഖരിച്ച പ്രതികരണങ്ങൾ വിലയിരുത്തിക്കൊണ്ടാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
കഴിഞ്ഞ സെപ്തംബറിലാണ് രാംനാഥ് കോവിന്ദിന്റെ അദ്ധ്യക്ഷയിൽ ഉന്നതതല സമിതി രൂപീകരിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, രാജ്യസഭ മുൻ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, എൻ കെ സിംഗ്, ലോക്‌സഭ മുൻ സെക്രട്ടറി ജനറൽ ഡോ. സുഭാഷ് സി കശ്യപ്, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ തുടങ്ങിയവർ സമിതിയിലുണ്ട്.