23.6 C
Kottayam
Monday, May 20, 2024

പൊലീസുകാരുടെ മരണം, പന്നിക്കെണി വെച്ചയാൾ അറസ്റ്റിൽ, മൃതദേഹങ്ങൾ പാടത്ത് എത്തിച്ചത് കൈവണ്ടിയിൽ

Must read

പാലക്കാട്: പാലക്കാട് മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിന് സമീപം രണ്ട് പൊലീസുകാർ ഷോക്കേറ്റ് മരിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. പന്നിക്ക് വേണ്ടി വൈദ്യുതക്കെണി വച്ച പ്രദേശവാസിയായ വർക്കാട് സ്വദേശിയായ സുരേഷാണ് അറസ്റ്റിലായത്. ഇയാളുടെ വീടിന് സമീപത്ത് വെച്ചാണ് ഹവിൽദാർമാരായ മോഹൻദാസ്, അശോകൻ എന്നിവർ ഷോക്കേറ്റ് മരിച്ചത്. എന്നാൽ മൃതദേഹങ്ങൾ ക്യാമ്പിന് സമീപത്തെ വയലിലാണ് കണ്ടെത്തിയിരുന്നത്. സുരേഷ് തന്നെയാണ് മൃതദേഹങ്ങൾ വയലിൽ കൊണ്ടിട്ടതെന്നാണ് കണ്ടെത്തൽ. മരിച്ചവരിൽ ഒരാളുടെ ഫോൺ ക്യാമ്പിന് സമീപത്തേക്ക് ഇയാൾ വലിച്ചെറിഞ്ഞെന്നും പാലക്കാട് എസ്പി ആർ വിശ്വനാഥ് വിശദീകരിച്ചു. 

സുരേഷിന്റെ വീടിന്റെ മതിലിനോട് ചേർന്നാണ് പന്നിക്കെണിവെച്ചിരുന്നത്. രാത്രിയിൽ കെണിയിലേക്ക് ഇലക്ട്രിസിറ്റി കണക്ഷനും കൊടുത്തു. രാത്രിയിൽ  ഇതുവഴിവന്ന പൊലീസുകാർക്ക് ഷോക്കേറ്റു. പുലർച്ചെ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സുരേഷ് മൃതദേഹങ്ങൾ പാടത്ത് കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ വിശദീകരണം.

വീട്ടിലുള്ള കൈവണ്ടിയിൽ കയറ്റിയാണ് ഒരാളുടെ മൃതദേഹം സുരേഷ് വയിലിലേക്ക് കൊണ്ടുപോയിട്ടത്. രണ്ടാമത്തെയാളുടെ മൃതദേഹം ചമന്ന് കൊണ്ട് പോയും വയലിൽ ഉപേക്ഷിച്ചു.  പൊലീസുകാരിൽ ഒരാളുടെ മൊബൈൽ ഫോൺ ക്യാമ്പിനു അടുത്ത് കൊണ്ടിട്ടതും സുരേഷാണ്. ഇയാൾക്ക്  പുറത്ത് നിന്നും മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുകയാണ്. ഇയാൾക്കൊപ്പം മറ്റൊരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

 വ്യാഴാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് പോലീസുകാരുടെ മരണം പുറത്തറിയുന്നത്. ഹവില്‍ദാര്‍മാരായ എലവഞ്ചേരി കുമ്പളക്കോട് ചെട്ടിത്തറവീട്ടില്‍ മാരിമുത്തുവിന്റെ മകന്‍ അശോക് കുമാര്‍ (35), തരൂര്‍ അത്തിപ്പൊറ്റ കുണ്ടുപറമ്പ് വീട്ടില്‍ പരേതനായ കെ.സി. മാങ്ങോടന്റെ മകന്‍ മോഹന്‍ദാസ് (36) എന്നിവരെയാണ് ക്യാമ്പിന് പിറകുവശത്തെ വയലില്‍ മരിച്ചനിലയില്‍ കണ്ടത്. ഷോക്കേറ്റാണ് ഇരുവരും മരിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയത്.

ക്യാമ്പിന്റെ പിറകുവശത്തെ ചുറ്റുമതിലിന് പുറത്ത് ഏകദേശം 200 മീറ്റര്‍ അകലെയാണ് മൃതദേഹങ്ങള്‍ കിടന്നിരുന്ന വയല്‍. 60 മീറ്ററോളം അകന്നായിരുന്നു രണ്ട് മൃതദേഹങ്ങളും. ഒറ്റനോട്ടത്തില്‍ കാണാത്തവിധം വരമ്പിനോട് ചേര്‍ന്നായിരുന്നു മൃതദേഹങ്ങള്‍. ഇരുവരുടെയും കൈയിലുള്‍പ്പെടെ പൊള്ളലേറ്റ് തൊലിയുരിഞ്ഞ നിലയിലുള്ള പാടുകളുണ്ട്. ഇരുവരെയും ബുധനാഴ്ച രാത്രി ഒമ്പതര മുതല്‍ കാണാനില്ലായിരുന്നു. വ്യാഴാഴ്ച രാവിലെ പോലീസും ക്യാമ്പിലെ സേനാംഗങ്ങളും പരിസരപ്രദേശങ്ങളില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week