ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചതായി റിപ്പോര്‍ട്ട്. ഡല്‍ഹി കലാവതി സരണ്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയാണ് മരിച്ചത്.
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കൊവിഡ് മരണമാണ് ശനിയാഴ്ച രേഖപ്പെടുത്തിയത്. ആശുപത്രിയില്‍ 10 മാസം പ്രായമുള്ള മറ്റൊരു കുട്ടി കൂടി ചികിത്സയിലുണ്ടെന്നാണ് വിവരം.
അതേസമയം ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 15,000 കവിഞ്ഞു. ഏറ്റവുമൊടുവില്‍ ലഭിക്കുന്ന കണക്കുകള്‍ പ്രകാരം 15,723 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 521 ആളുകള്‍ രാജ്യത്ത് മരിച്ചുകഴിഞ്ഞു. 15,723 രോഗികളില്‍ 2466 പേര്‍ രോഗമുക്തി നേടി. 12,736 രോഗികളാണ് രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്.
3648 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച മഹാരാഷ്ട്രയാണ് കണക്കില്‍ മുന്നില്‍നില്‍ക്കുന്നത്. 211 പേര്‍ ഇവിടെ കൊവിഡിനെ തുടര്‍ന്നു മരിച്ചു. ഡല്‍ഹി (1893), മധ്യപ്രദേശ് (1402), ഗുജറാത്ത് (1376), തമിഴ്‌നാട് (1372), രാജസ്ഥാന്‍ (1351) എന്നിവയാണ് ആയിരത്തിനുമേല്‍ രോഗികളുള്ള മറ്റു സംസ്ഥാനങ്ങള്‍.
ഉത്തര്‍പ്രദേശില്‍ 974 കൊവിഡ് രോഗികളാണുള്ളത്. തെലങ്കാനയില്‍ 809 പേര്‍ക്കും ആന്ധ്രാപ്രദേശില്‍ 603 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. 399 രോഗികളുള്ള കേരളം പട്ടികയില്‍ പത്താം സ്ഥാനത്താണ്. ഇവിടെ രണ്ടു രോഗികള്‍ മാത്രമാണു മരിച്ചിരിക്കുന്നത്. 384 രോഗികളുമായി തൊട്ടുപിന്നിലുള്ള കര്‍ണാടകയില്‍ 14 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചുകഴിഞ്ഞു.