തിരുനന്തപുരം: ഏഴ് രാപ്പകലുകള്‍ നീണ്ടു നില്‍ക്കുന്ന ഓണം വാരാഘോഷത്തിന് ഇന്ന് തുടക്കം. ആഘോഷത്തിന്റെ പ്രധാന വേദി കനകകുന്നും പരിസരപ്രദേശവുമാണ്. ഇനി ഏഴ് നാളുകൾ തിരുവനന്തപുരം നഗരം ദീപാലംഘൃതമാകും. നിശാഗന്ധിയില്‍ വൈകിട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥിയായി സിനിമ നടൻ ഫഹദ് ഫാസിൽ എത്തുമെന്നാണ് റിപ്പോർട്ട്. പ്രശസ്ത നര്‍ത്തകി മല്ലികാ സാരാഭായിയും ചടങ്ങില്‍ പങ്കെടുക്കും.
കെഎസ്ആർടിസി സ്വിഫ്റ്റിലെ താത്കാലിക ജീവനക്കാരിൽ നിന്നും കരുതൽ ധനമായി വാങ്ങിയ തുക ഉപയോഗിച്ച് വാങ്ങിയ പുതിയ ഹൈബ്രിഡ് ബസായ സീറ്റർ കം സ്ലീപ്പർ ബസ് ഏറ്റെടുത്ത് യാത്രക്കാർ. ആദ്യ ദിവസം ആലപ്പുഴ വഴി തൃശ്ശൂരിലേക്കുള്ള എസി ബസും, കോട്ടയം വഴി തൃശ്ശൂരിലേക്കുള്ള നോൺ എസി ബസുമാണ് സർവീസ് നടത്തിയത്.
സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം പുരോഗമിക്കുന്നതായി ഭക്ഷ്യ വകുപ്പ് മന്ത്രി ജിആർ അനിൽ. എഎവൈ (മഞ്ഞ) റേഷൻ കാർഡ് ഉടമകൾക്ക് നൽകുന്ന ഒണക്കിറ്റുകളുടെ വിതരണം എല്ലാ ജില്ലകളിലും പുരോഗമിക്കുകയാണ്. ശനിയാഴ്ച 7.45 വരെ 62,018 എഎവൈ കാർഡ് ഉടമകൾ കിറ്റ് കൈപ്പറ്റി. ഞായർ, തിങ്കൾ ദിവസങ്ങളിലായി മുഴുവൻ എഎവൈ റേഷൻ കാർഡുടമകൾക്കും ഓണക്കിറ്റുകൾ ലഭ്യമാക്കാൻ കഴിയുമെന്നും മന്ത്രി അറിയിച്ചു.
മിൽമ, സപ്ലൈകോ, കശുവണ്ടി വികസന കോർപ്പറേഷൻ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉത്പന്നങ്ങൾ ഭക്ഷ്യകിറ്റിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ മിൽമയുടെ പായസം മിക്‌സ്, റെയ്ഡ്‌കോ തയ്യാറാക്കി നൽകുന്ന ശബരി കറി പൗഡറുകളിൽ ചിലത് സമയബന്ധിതമായി ലഭ്യമാക്കുന്നതിൽ കാലതാമസം നേരിട്ടു. ഈ സാഹചര്യത്തിലാണ് ലഭ്യമാകാത്ത ഇനങ്ങൾക്ക് പകരമായി സമാന സ്വഭാവമുള്ള ഗുണമേൻമയുള്ള ഉത്പന്നങ്ങൾ കിറ്റിൽ ഉൾപ്പെടുത്തുന്നതിന് നിർദ്ദേശം നൽകിയതെന്നും മന്ത്രി ജആർ അനിൽ പറഞ്ഞു.
ഓണത്തിനോടനുബന്ധിച്ച് ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാർക്ക് നൽകുന്ന ഓണക്കിറ്റ് വിതരണം 50 ശതമാനം പൂർത്തീകരിച്ചു. സംസ്ഥാനത്തെ ക്ഷേമ സ്ഥാപനങ്ങളിൽ താമസിക്കുന്ന അന്തേവാസികൾക്ക് നാല് പേർക്ക് ഒരു കിറ്റ് എന്ന നിലയ്ക്കാണ് വിതരണം ചെയ്യുന്നത്. സംസ്ഥാനത്തെ 136 ആദിവാസി ഊരുകളിൽ 50 ഊരുകളിൽ കിറ്റ് വിതരണം പൂർത്തിയാക്കി. ബാക്കിയുള്ളവ ഇന്ന് പൂർത്തിയാക്കും.
സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിട്ടുള്ള ജില്ലാ ഓണം ഫെയറുകൾ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വെള്ളിയാഴ്ചവരെ 4.40 കോടി രൂപയുടെ വിറ്റവരവ് ജില്ലാ ഫെയറുകളിൽ ഉണ്ടായിട്ടുണ്ട്. ഈ മാസം 72.46 ലക്ഷം റേഷൻ കാർഡുടമകൾ റേഷൻ കൈപ്പറ്റിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
മിൽമയുടെ പായസം മിക്സ് ലഭിക്കാത്തതിനെത്തുടർന്ന് കിറ്റ് വിതരണം വൈകിയതോടെയാണ് ബദൽ മാർഗങ്ങൾ സർക്കാർ സ്വീകരിച്ചത്. കൂടുതൽ വിലയില്ലാത്ത മറ്റ് കമ്പനികളുടെ പായസം മിക്സ് വാങ്ങാനാണ് നിർദേശം നൽകിയിരിക്കുന്നത്. കറിപ്പൊടികൾ ലഭിക്കാത്ത സ്ഥലങ്ങളിൽ മറ്റ് കമ്പനികളുടെ പൊടികൾ വാങ്ങാനും നിർദേശം നൽകിയിട്ടുണ്ട്.