ബമ്പറടിച്ച 25 കോടിയുടെ ടിക്കറ്റുമായി ശരത് ഇന്നും ജോലിക്ക് കയറി; ബാങ്കില്‍ പോകാന്‍ ലീവ് ചോദിച്ചു, ഭാഗ്യവാന്റെ ഇന്നത്തെ ദിവസം

കൊച്ചി: ഓണം ബംബര്‍ ലോട്ടറി ഒന്നാം സമ്മാനമായ 25 കോടി അടിച്ചത് ആലപ്പുഴ തുറവൂര്‍ സ്വദേശി ശരത് എസ് നായര്‍ക്ക്. കൊച്ചി നെട്ടൂരില്‍ പെയിന്റ് കട ജീവനക്കാരനാണ്. ഓഫീസിലേക്ക് പോകുന്ന വഴിയിലാണ് ലിതീഷിന്റെ ലോട്ടറി കട. അതുകൊണ്ടാണ് അവിടെ നിന്ന് ലോട്ടറി എടുത്തത് എന്ന് ശരത് എസ് നായര്‍ പറയുന്നു.

പതിവായി ലോട്ടറി എടുക്കുന്ന ശീലമുള്ള വ്യക്തിയല്ല ശരത്. ചെറിയ ലോട്ടറി ടിക്കറ്റുകളെല്ലാം എപ്പോഴെങ്കിലും എടുക്കാറുണ്ട്. എന്നാല്‍ ബംബര്‍ എടുത്തത് ആദ്യമായിട്ടാണ്. ആ ബംബറിന് തന്നെ നറുക്ക് വീണു. അതും 25 കോടി. ഈ വര്‍ഷം 75 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. 75 ലക്ഷത്തില്‍ ഭാഗ്യവാനായ ഒരാള്‍ ശരത് ആണ്. ഇദ്ദേഹം ഒരു ടിക്കറ്റ് മാത്രമേ എടുത്തിരുന്നൂള്ളൂ…

ശനിയാഴ്ചയായിരുന്നു നറുക്കെടുപ്പ്. മൊബൈലില്‍ ഫലം പരിശോധിച്ചിരുന്നു. അപ്പോള്‍ തന്നെ ഒന്നാം സമ്മാനം കിട്ടിയെന്ന് അറിയുകയും ചെയ്തു. ആരോടും ശരത് കാര്യം പറഞ്ഞില്ല. വീട്ടിലെത്തി വീണ്ടും പരിശോധിച്ചു. സീരിയല്‍ നമ്പര്‍ ഒത്തുനോക്കി. സഹോദരനോട് കാര്യം പറഞ്ഞു. പിന്നീട് വീട്ടിലുള്ളവരോടും. എല്ലാവരും ഹാപ്പി. ആരും പുറത്തുപറഞ്ഞില്ല.

ഈ വേളയില്‍ നെട്ടൂരില്‍ ചര്‍ച്ച മറ്റൊരു രീതിയിലായിരുന്നു. ഒന്നാം സമ്മാനം ലഭിച്ചത് ഒരു സ്ത്രീക്കാണ് എന്നായിരുന്നു പ്രചാരണം. ഇതെല്ലാം ശരത് അറിയുന്നുണ്ടായിരുന്നു എങ്കിലും ആരോടും പ്രതികരിച്ചില്ല. ഞായറാഴ്ച പിന്നിട്ട് തിങ്കളാഴ്ച എത്തിയപ്പോള്‍ പതിവ് പോലെ നെട്ടൂരിലെ പെയിന്റ് ഓഫീസില്‍ വന്നു. അവിടെയും ആരോടും ലോട്ടറി അടിച്ച കാര്യം പറഞ്ഞില്ല.

ബാങ്കില്‍ പോകാനുണ്ട്, ആശുപത്രിയിലും പോകണം എന്നാണ് ഓഫീസിലുള്ളവരോട് പറഞ്ഞത്. ഉച്ചവരെ ലീവെടുത്ത് പോകുകയും ചെയ്തു. എന്നാല്‍ ശരത് പോയത് തുറവൂരിലെ എസ്ബിഐ ബാങ്കിലേക്കാണ്. അവിടെ സഹോദരനൊപ്പം ചെന്ന് ലോട്ടറി കൈമാറിയതോടെയാണ് യഥാര്‍ഥ ഭാഗ്യശാലിയെ കേരളം അറിയുന്നത്. മാധ്യമങ്ങളില്‍ വാര്‍ത്ത നിറഞ്ഞതോടെ ശരതിന്റെ ഓഫീസിലുള്ളവരും അറിഞ്ഞു.

പതിവായി വരുന്ന പോലെ തന്നെയാണ് ശരത് ഇന്നും ഓഫീസില്‍ വന്നത് എന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. ഒരു ഭാവമാറ്റവും ഉണ്ടായിരുന്നില്ല. അമിതമായ സന്തോഷം പ്രകടിപ്പിച്ചതുമില്ല. ഉച്ചവരെ ലീവ് ചോദിച്ചു പുറത്തേക്ക് പോയി. ശരതിന് ലോട്ടറി അടിച്ചതില്‍ സഹപ്രവര്‍ത്തകരും സന്തോഷം പ്രകടിപ്പിച്ചു. യോഗ്യനായ വ്യക്തിക്ക് തന്നെയാണ് ബംബര്‍ കിട്ടിയത് എന്നാണ് അവരുടെ പ്രതികരണം.

അച്ഛനും അമ്മയും സഹോദരനും ഭാര്യയും ആറ് വയസുള്ള കുഞ്ഞുമാണ് ശരതിനുള്ളത്. ലോട്ടറി അടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല, അതുകൊണ്ടുതന്നെ പ്രത്യേകിച്ച് പ്ലാന്‍ ഒന്നുമില്ല. കുടുംബവുമായി ആലോചിച്ച് ഭാവി കാര്യങ്ങള്‍ തീരുമാനിക്കും. നികുതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയിക്കാമെന്ന് ബാങ്ക് അധികൃതര്‍ ശരതിനോട് പറഞ്ഞിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം മനസിലാക്കിയ ശേഷമേ ശരത് ഭാവി പരിപാടികള്‍ പ്ലാന്‍ ചെയ്യൂ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News