മുംബൈ:ഉത്തരേന്ത്യയിൽ നിന്നെത്തി തെന്നിന്ത്യൻ സിനിമയിൽ സ്വന്തമായൊരു ഇടം കണ്ടെത്തിയ ഒരുപിടി നടിമാരുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് പൂനം ബജ്‌വ. തമിഴിലും തെലുങ്കിലും മലയാളത്തിലുമെല്ലാം ഒരുപോലെ തിളങ്ങിയിട്ടുണ്ട് താരം. മുംബൈ സ്വദേശിനിയായ പൂനം തെലുങ്കിലൂടെയാണ് തെന്നിന്ത്യന്‍ സിനിമയിലെത്തുന്നത്. 2005 ലായിരുന്നു പൂനമിന്റെ സിനിമാ അരങ്ങേറ്റം. തെലുങ്കിൽ നാലഞ്ച് ചിത്രങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് താരം തമിഴിലേക്കും മലയാളത്തിലേക്കും എത്തുന്നത്.
തുടക്കത്തിൽ കൂടുതലും ഗ്ലാമര്‍ വേഷങ്ങളായിരുന്നു പൂനമിനെ തേടിയെത്തിയത്. എന്നാല്‍ പിന്നീട് താരം ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്നത് കുറയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. അഭിനേത്രിയെന്ന നിലയില്‍ അടയാളപ്പെടുത്താന്‍ സാധിക്കുന്ന സിനിമകള്‍ ചെയ്യാന്‍ വേണ്ടിയായിരുന്നു താരത്തിന്റെ ഈ തീരുമാനം.
ഇതിനിടെ ഏകദേശം നാല് വർഷക്കാലം പൂനം തമിഴ് സിനിമയില്‍ നിന്നും ചെറിയൊരു ഇടവേളയെടുക്കുകയും ചെയ്തു. ഒടുവില്‍ റോമിയോ ആന്റ് ജൂലിയറ്റ് എന്ന ചിത്രത്തിലൂടെയാണ് പൂനം തിരിച്ചുവരുന്നത്. ജയം രവിയും ഹന്‍സികയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു റോമിയോ ആന്റ് ജൂലിയറ്റ്. നായികയല്ലാതിരുന്നിട്ടും താന്‍ ഈ വേഷം തിരഞ്ഞെടുത്തത് കഥാപാത്രം ഇഷ്ടപ്പെട്ടതിനാലാണെന്നാണ് പൂനം ബജ്‌വ പറഞ്ഞത്.
അതേസമയം ഷൂട്ടിങ്ങിന്റെ ആദ്യ ദിനം നേരിട്ട മോശം അനുഭവത്തെ കുറിച്ചും പൂനം മുൻപൊരിക്കൽ നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി. അതിപ്പോൾ വീണ്ടും ശ്രദ്ധനേടുകയാണ്, ‘കോളിവുഡ് വിടുന്നത് ഞാൻ നേരത്തെ തീരുമാനിച്ചതോ ആലോചിച്ചതോ ആയ കാര്യമായിരുന്നില്ല. റോമിയോ ജൂലിയറ്റിന്റെ തിരക്കഥയും അഭിനേതാക്കളെ കുറിച്ചും അറിഞ്ഞപ്പോൾ ഇതൊരു നല്ല സിനിമയാകുമെന്ന് തോന്നി. എനിക്ക് അതിന്റെ ഭാഗമാകാൻ ആഗ്രഹം തോന്നിയതിനാൽ ഞാൻ അത് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു’,
‘എന്റേത് വളരെ ബോൾഡായ ടോം ബോയിഷ് രീതിയിലുള്ള ഒരു സ്ത്രീ കഥാപാത്രമാണ്. വളരെ സന്തോഷത്തോടെയാണ് ഞാൻ ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. സെക്കൻഡ് ഹീറോയിൻ ആയി അഭിനയിക്കുന്നത് ഒന്നും എനിക്ക് പ്രശ്നമില്ലാത്തതിനാലാണ് ഞാൻ ആ കഥാപാത്രം ചെയ്യാൻ തയ്യാറായത്’
‘എന്റെ കഥാപാത്രത്തിന് കഥയെ സ്വാധീനിക്കാൻ പോന്ന രംഗങ്ങളുണ്ട്. നല്ല കഥാപാത്രങ്ങൾക്കായി കാത്തിരുന്നത് വെറുതെയായില്ല. എന്റെ രണ്ടാം ഇന്നിംഗ്സ് ആരംഭിക്കാൻ പറ്റിയ ചിത്രമായിരുന്നു അത്. തമിഴിൽ ഒരു സിനിമ ചെയ്തിട്ട് കുറച്ചു നാളായിട്ടുണ്ടായിരുന്നു’, പൂനം ബജ്‌വ പറയുന്നു.
അതിലെ അണിയറപ്രവർത്തകരെ പലരെയും ഞാൻ ആദ്യമായി കാണുന്നത് ആ ചിത്രത്തിൽ വച്ചാണ്. ആദ്യ ദിവസം എനിക്ക് ധരിക്കേണ്ടിയിരുന്നത് ഒരു വെള്ള ഷർട്ട് മാത്രമാണ്. പാന്റ്സ് ഉണ്ടായിരുന്നില്ല. എനിക്ക് തീരെ പരിചയമില്ലാത്ത കാര്യമായിരുന്നു അത്. എനിക്ക് അൽപം നാണം തോന്നി,’ പൂനം ബജ്‌വ പറഞ്ഞു.
മലയാളത്തില്‍ ചൈന ടൗൺ എന്ന ചിത്രത്തിലാണ് പൂനം ബജ്‌വ ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് വെനീസിലെ വ്യാപാരി, മാസ്റ്റര്‍ പീസ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. വിനയന്റെ പത്തൊൻപതാം നൂറ്റാണ്ട്, സുരേഷ് ഗോപി നായകനായ മേം ഹൂ മൂസ എന്നീ സിനിമകളിലാണ് അവസാനമായി അഭിനയിച്ചത്. മോഡറ്റി സിനിമ ആയിരുന്നു പൂനത്തിന്റെ തെലുങ്കിലെ ആദ്യ ചിത്രം. സേവല്‍ എന്ന ചിത്രത്തിലൂടെയാണ് തമിഴിലേക്ക് എത്തുന്നത്. ഗുരുമൂർത്തി എന്ന തമിഴ് ചിത്രത്തിലാണ് പൂനം ബജ്‌വ അവസാനമായി അഭിനയിച്ചത്.
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. പൂനം പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ വൈറലായി മാറാറുണ്ട്. പൂനത്തിന്റെ ഗ്ലാമറസ് ചിത്രങ്ങൾക്കൊക്കെ ആരാധകർ ഏറെയാണ്. താരത്തെ വീണ്ടും ബിഗ് സ്‌ക്രീനിൽ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.