മലപ്പുറം: മങ്കട ബ്ലോക്ക്പഞ്ചായത്തിന്റെ വ്യവസായ എസ്റ്റേറ്റിലെ 2.95 ഏക്കര്‍ ഭൂമി ബ്ലോക്ക്പഞ്ചായത്ത് സെക്രട്ടറി വിരമിക്കുന്നതിന്റെ തലേന്ന് അദ്ദേഹത്തിന്റെ ഭാര്യയടക്കം 14 പേര്‍ക്ക് ജന്‍മാധാരമായി എഴുതിക്കൊടുത്തു. ഭരണസമിതി തീരുമാനം നടപ്പാക്കുന്ന ഉദ്യോഗസ്ഥന്‍ എന്ന നിലയ്ക്ക് ബ്ലോക്ക്പഞ്ചായത്ത് സെക്രട്ടറി വിജി ജോസാണ് ആധാരത്തില്‍ ഒപ്പുവെച്ചത്. ഏറ്റവും കൂടുതല്‍ ഭൂമി (52.02 സെന്റ്) കിട്ടിയത് അദ്ദേഹത്തിന്റെ ഭാര്യയ്ക്കും.
2021 ഡിസംബറിലാണ് വിജി ജോസ് ഇവിടെ ബ്ലോക്ക്പഞ്ചായത്ത് സെക്രട്ടറിയായി ചുമതലയേറ്റത്. ഈവര്‍ഷം മേയ് 31-ന് വിരമിച്ചു. അതിന്റെ തലേന്ന്, അതായത് മേയ് 30-നാണ് മക്കരപ്പറമ്പ് സബ് രജിസ്ട്രാര്‍ ഓഫീസില്‍ ആധാരം നടന്നത്. നിലവില്‍ വ്യവസായം നടത്തുന്നവര്‍ക്കാണ് ഭൂമി നല്‍കിയതെന്നും അത് എസ്റ്റേറ്റിന്റെ ഭരണഘടന അനുസരിച്ചാണെന്നും പഞ്ചായത്തധികൃതര്‍ വിശദീകരിക്കുന്നു. എന്നാല്‍, സര്‍ക്കാര്‍ അംഗീകരിക്കാതെ തിരിച്ചയച്ച ഭരണഘടനയാണിതെന്ന് ഓഡിറ്റ് വിഭാഗം കണ്ടെത്തി. മറ്റു സര്‍ക്കാര്‍ ഏജന്‍സികളും ഇടപാടിനെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി അറിയുന്നു. മുസ്‌ലിം ലീഗാണ് ബ്ലോക്ക്പഞ്ചായത്ത് ഭരിക്കുന്നത്.
ഭരണസമിതി പറയുന്നത്
:ജനകീയാസൂത്രണത്തിന് തുടക്കംകുറിച്ച സമയത്ത് 1995-2000 ഭരണസമിതിയുടെ കാലത്താണ് പുഴക്കാട്ടിരി പഞ്ചായത്തിലെ പാലൂര്‍കോട്ടയില്‍ വ്യവസായ എസ്റ്റേറ്റിനായി 5.05 ഏക്കര്‍ വാങ്ങിയത്. ഇത് പ്ലോട്ടുകളായി തിരിച്ച് 27 സംരംഭകര്‍ക്കായി നല്‍കി. ഹയര്‍പര്‍ച്ചേസ് സ്‌കീം (ഓരോ വര്‍ഷവും നിശ്ചിത തുക അടയ്ക്കുന്ന ആളിന് സ്ഥലം സ്വന്തമാകുന്ന പദ്ധതി) അനുസരിച്ചാണ് പ്ലോട്ടുകള്‍ നല്‍കിയത്.
സെന്റിന് 600 രൂപയ്ക്ക് വാങ്ങിയ സ്ഥലം 6000 രൂപയ്ക്കാണ് കൊടുത്തത്. പത്തുവര്‍ഷം കഴിഞ്ഞപ്പോള്‍ സ്ഥലം സംരംഭകര്‍ക്ക് എഴുതിക്കൊടുക്കേണ്ടതായിരുന്നു. മാറിമാറി വന്ന ഭരണസമിതികള്‍ ഇതില്‍ തീരുമാനമെടുത്തില്ല. ഒടുവില്‍ ഒരാള്‍ ഹൈക്കോടതിയെ സമീപിച്ചു. ഉചിത തീരുമാനമെടുക്കാന്‍ ഹൈക്കോടതി ഭരണസമിതിക്ക് നിര്‍ദേശം നല്‍കി. ഇക്കാര്യം ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജരെ അറിയിച്ചു. ഭരണഘടനപ്രകാരം പ്രവര്‍ത്തിക്കാന്‍ മാനേജര്‍ നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥലം ജന്‍മാധാരമായി എഴുതിക്കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഓഡിറ്റ് വിഭാഗം പറയുന്നത്
നിലവിലെ നിയമത്തില്‍ ഒരു തദ്ദേശ സ്ഥാപനത്തിന്റെയും ഭൂമി സ്വകാര്യവ്യക്തികള്‍ക്ക് എഴുതിക്കൊടുക്കാന്‍ വ്യവസ്ഥയില്ല. പാട്ടത്തിനു നല്‍കാനേ കഴിയൂ. സ്വകാര്യവ്യക്തികള്‍ക്ക് ജന്‍മാധാരം നല്‍കാന്‍ വ്യവസ്ഥചെയ്യുന്ന ബൈലോ സംസ്ഥാന സര്‍ക്കാര്‍ തിരിച്ചയച്ചതാണ്.
മാത്രമല്ല, എസ്റ്റേറ്റ് തുടങ്ങിയ കാലത്ത് 27 പേര്‍ക്ക് നല്‍കിയ ഭൂമി ഇപ്പോള്‍ 14 ആളുകളുടെ പേരിലുമായി. ഒരു സംരംഭകന്‍ ഉപേക്ഷിച്ച സ്ഥലം മറ്റൊരാള്‍ വാങ്ങിയതാണെങ്കില്‍ അത് പരസ്യലേലം വിളിച്ചു നല്‍കണം. വര്‍ഷങ്ങള്‍ക്കുമുന്‍പ് നിശ്ചയിച്ച വിലയ്ക്ക് ഇപ്പോള്‍ ഭൂമി കൊടുക്കുന്നത് വന്‍ നഷ്ടം വരുത്തുന്നു. ഓരോരുത്തരും എത്ര രൂപ അടച്ചുവെന്നതിന്റെ രേഖയോ സര്‍ക്കാര്‍ അംഗീകരിച്ച ബൈലോയോ കണ്ടെത്താന്‍ കഴിഞ്ഞില്ല.