ന്യൂഡൽഹി: ഗുജറാത്ത് കലാപത്തിനിടെ ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്തതിന് ശിക്ഷിക്കപ്പെട്ടയാള്‍ ഗുജറാത്ത് സർക്കാരിന്റെ പൊതുപരിപാടിയിൽ. ബി.ജെ.പി. എം.പി., എം.എൽ.എ. എന്നിവർക്കൊപ്പമാണ് ഇയാള്‍ സർക്കാർ പരിപാടിയിൽ വേദി പങ്കിട്ടത്.
ശനിഴാഴ്ച ദാഹോദ് ജില്ലയിലെ കർമാദി ഗ്രാമത്തിൽവെച്ച് ജലവിതരണ പദ്ധതിയുടെ പരിപാടി നടന്നിരുന്നു. ദാഹോദ് എം.പി. ജസ്വന്ത് സിൻഹ് ഭാഭോറും അദ്ദേഹത്തിന്റെ സഹോദരനും ലിംഖേഡ എം.എൽ.എ.യുമായ സൈലേഷ് ഭാഭോറും പരിപാടിയിൽ പങ്കെടുത്തിരുന്നു. ഇവർക്കൊപ്പമാണ് ബിൽക്കീസ് ബാനുവിനെ കൂട്ട ബലാത്സംഗം ചെയ്യുകയും മൂന്ന് വയസ് മാത്രം പ്രായമുള്ള കുട്ടിയെ അടക്കം ഏഴ് കുടുംബാഗങ്ങളെ കൊന്നൊടുക്കുകയും ചെയ്ത സംഘത്തിലെ ചിമൻലാൽ ഭട്ടും വേദിയിൽ പ്രത്യക്ഷപ്പെട്ടത്.
പരിപാടിയിൽ സജീവമായി പങ്കെടുക്കുകയും വീഡിയോയിലും ഫോട്ടോയിലും പ്രത്യക്ഷപ്പെടുകയും ചെയ്തു. രണ്ട് നേതാക്കളും പരിപാടിയുടെ ഫോട്ടോകൾ ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് ഇരുവരും ഒന്നും പ്രതികരിച്ചിട്ടില്ല. സംഭവത്തിൽ ബിജെപി സർക്കാരിനെ വിമർശിച്ചു കൊണ്ട് തൃണമൂൽ കോൺഗ്രസ് നേതാവ് മെഹുവ മൊയിത്ര രംഗത്തെത്തി.
ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസില്‍ ജീവപര്യന്തം തടവില്‍ കഴിയുകയായിരുന്ന 11 പ്രതികളേയും മോചിപ്പിച്ചിരുന്നു. ശിക്ഷ ഇളവ് ചെയ്തുകൊണ്ടുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ നടപടിക്ക് പിന്നാലെയാണ് മോചനം. ഇത് വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു.