തിരുവനന്തപുരം: കൊവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ വ്യാപനവും മൂന്നാംതരംഗ ഭീഷണിയും നിലനില്‍ക്കുന്നതിനാല്‍ വരാനിരിക്കുന്ന ഒരാഴ്ച്ച കേരളത്തിന് നിര്‍ണായകമെന്ന് വിദഗ്ദരുടെ മുന്നറിയിപ്പ്. ഒമൈക്രോണ്‍ വ്യാപനത്തെ മൂന്നാംതരംഗമായിത്തന്നെ കണക്കാക്കി മുന്നൊരുക്കങ്ങള്‍ നടത്തണമെന്നാണ് വിദഗ്ദാഭിപ്രായം. ഒമൈക്രോണ്‍ സാഹചര്യം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം വിലയിരുത്തും.
25 ദിവസങ്ങള്‍ക്ക് ശേഷമുള്ള ഏറ്റവുമുയര്‍ന്ന കൊവിഡ് കേസുകളാണ് ഇന്നലെ സംസ്ഥാനത്തു റിപ്പോര്‍ട്ട് ചെയ്തത്. 3600ലധികം പേര്‍ക്കാണ് ഇന്നലെ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. ഇത് തുടരുമെന്നാണ് മുന്നറിയിപ്പ്. പുതുവത്സരാഘോഷവും അവധിദിനങ്ങളും കഴിഞ്ഞതോടെ വ്യാപനം ഒരാഴ്ച്ചക്കുള്ളില്‍ മറ്റു സംസ്ഥാനങ്ങളിലേതിന് സമാനമായി ഉയരും.
ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കല്യാണം, മരണാനന്തര ചടങ്ങുകള്‍, മറ്റു സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക, സാമുദായിക പൊതുപരിപാടികള്‍ എന്നിവ അടച്ചിട്ട മുറികളില്‍ 75, തുറസ്സായ സ്ഥലങ്ങളില്‍ 150 എന്നിങ്ങനെ പരിമിതപ്പെടുത്താന്‍ ഇന്നലെ ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. എല്ലാ രാജ്യങ്ങളില്‍ നിന്നും വരുന്ന രോഗ ലക്ഷണങ്ങളുള്ളവരുടെ പരിശോധന എയര്‍പോര്‍ട്ടുകളില്‍ ശക്തിപ്പെടുത്തണം.
കേരളത്തില്‍ ഇന്നലെ 3640 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 641, തിരുവനന്തപുരം 599, കോഴിക്കോട് 403, കോട്ടയം 352, തൃശൂര്‍ 330, കണ്ണൂര്‍ 268, കൊല്ലം 201, പത്തനംതിട്ട 165, മലപ്പുറം 157, ആലപ്പുഴ 147, ഇടുക്കി 125, പാലക്കാട് 124, വയനാട് 79, കാസര്‍ഗോഡ് 49 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 71,120 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,05,547 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,03,193 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2354 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 180 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ കൊവിഡ് 20,180 കേസുകളില്‍, 10.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 423 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 48,637 ആയി.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 52 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3333 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 222 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 33 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2363 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 571, കൊല്ലം 112, പത്തനംതിട്ട 169, ആലപ്പുഴ 83, കോട്ടയം 15, ഇടുക്കി 21, എറണാകുളം 538, തൃശൂര്‍ 189, പാലക്കാട് 66, മലപ്പുറം 91, കോഴിക്കോട് 269, വയനാട് 61, കണ്ണൂര്‍ 150, കാസര്‍ഗോഡ് 28 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 20,180 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 51,89,100 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.