കര്‍ണാടകയിലേത് ഒമിക്രോണോ? പരിശോധനാഫലം ഇന്നറിയാം; ദക്ഷിണാഫ്രിക്കയില്‍ നിന്നു ചണ്ഡീഗഡിലെത്തിയ മൂന്നുപേര്‍ക്ക് കൊവിഡ്

ബംഗളൂരു: കര്‍ണാടകയില്‍ ഒമിക്രോണ്‍ ആണോയെന്ന് സംശയിക്കുന്ന ദക്ഷിണാഫ്രിക്കന്‍ സ്വദേശിയുടെ പരിശോധനാഫലം ഇന്ന് പുറത്തുവരും. ഈ മാസം 20നാണ് ദക്ഷിണാഫ്രിക്കന്‍ സ്വദേശിയായ അറുപത്തിമൂന്നുകാരന്‍ ബംഗളൂരുവില്‍ എത്തിയത്. ഡെല്‍റ്റ വൈറസില്‍ നിന്ന് വ്യത്യസ്തമായ വകഭേദമാണെന്ന് ആദ്യഘട്ട പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഏതു വൈറസ് വകഭേദമാണ് ഇയാള്‍ക്ക് ബാധിച്ചതെന്ന് സ്ഥിരീകരിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കര്‍ണാടക സര്‍ക്കാര്‍ വിദഗ്ധ പരിശോധനയ്ക്കായി ഐസിഎംആറിനെ സമീപിക്കുകയായിരുന്നു.

രാജ്യത്ത് ഇതുവരെ കാണാത്ത വകഭേദമാണിതെന്ന് കര്‍ണാടക ആരോഗ്യവകുപ്പ് അറിയിച്ചു. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു ദക്ഷിണാഫ്രിക്കന്‍ സ്വദേശിക്കും കോവിഡ് സ്ഥിരീകരിച്ചെങ്കിലും ഡെല്‍റ്റാ വൈറസ് ആണെന്ന് വ്യക്തമായിരുന്നു. ദക്ഷിണാഫ്രിക്കന്‍ സ്വദേശിയുമായി സമ്പര്‍ക്കത്തില്‍ വന്നവരെ എല്ലാം ക്വാറന്റീലാക്കിയിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ അടക്കം പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

അതിനിടെ, ദക്ഷിണാഫ്രിക്കയില്‍ നിന്നും ചണ്ഡീഗഡിലെത്തിയവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഗൃഹനാഥനും ഇയാളുടെ കുടുംബാംഗങ്ങളിലൊരാള്‍ക്കും ജോലിക്കാരനുമാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇതേത്തടുര്‍ന്ന് ഇവര്‍ക്ക് ഏതുതരം വൈറസ് ബാധയാണ് ഉണ്ടായിട്ടുള്ളത് എന്നറിയാന്‍, ഇവരുടെ സാമ്പിളുകള്‍ ജീനോ സീക്വന്‍സിങ്ങിന് അയച്ചിരിക്കുകയാണ്.

ദക്ഷിണാഫ്രിക്കയില്‍ നിന്ന് മുംബൈയിലെത്തി കോവിഡ് സ്ഥിരീകരിച്ച ഡോംബിവലി സ്വദേശിക്ക് നിലവില്‍ രോഗലക്ഷണങ്ങള്‍ ഒന്നുമില്ല. കല്യാണിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ കഴിയുന്ന ഇയാളുടെ സ്രവം ജിനോം സീക്വന്‍സിംഗിന് അയച്ചു. ഒമൈക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നെത്തിയ 99 പേര്‍ മുംബൈയില്‍ മാത്രം നിരീക്ഷണത്തിലുണ്ട്.

അതേസമയം, കൊവിഡ് വകഭേദമായ ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ ആഫ്രിക്കയ്ക്ക് സഹായവുമായി ഇന്ത്യ രംഗത്ത് വന്നു. ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് മരുന്നടക്കമുള്ള സഹായം ഇന്ത്യ വാഗ്ദാനം ചെയ്തു. ജീവന്‍ രക്ഷാമരുന്നുകളും പരിശോധന കിറ്റുകളും, വെന്റിലേറ്ററുകളും അടക്കമുള്ള സഹായങ്ങള്‍ നല്‍കാമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ജീന്‍ പഠനത്തിലും ഗവേഷണത്തിലും ഇന്ത്യ സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News