KeralaNews

കേരളത്തിൽ ഒമിക്രോൺ കൂടുന്നു; മൂന്നാം തരം​ഗം നേരിടാൻ ഹോം കെയർ

തിരുവനന്തപുരം: ഒമിക്രോൺ കേസുകൾ കൂടുന്നത് കണക്കിലെടുത്ത് സജ്ജമാകാൻ ജില്ലകൾക്ക് സർക്കാർ നിർദേശം. കേസുകൾ കുത്തനെ കൂടിയാൽ ആദ്യ തരംഗങ്ങളിലേത് പോലെ പ്രാഥമിക, രണ്ടാംനിര ചികിത്സാകേന്ദ്രങ്ങൾ വേണ്ടി വരുമെന്നാണ് വിലയിരുത്തൽ. രോഗികൾക്ക് വീട്ടിൽത്തന്നെ ചികിത്സ നൽകുന്നതിനായി(home care) മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും ആരോഗ്യവകുപ്പ് ഹോം കെയർ പരിശീലനം നൽകാൻ തുടങ്ങി.

ടിപിആർ 10 കടന്നാൽ ഡെൽറ്റയെ ഒമിക്രോൺ വകഭേദം മറികടന്നതായി കണക്കാക്കാമെന്നാണ് സർക്കാരിന്റെ ഭാഗമായ വിദഗ്ർ പറയുന്നത്. 3.88ലേക്ക് താഴ്ന്ന ടിപിആർ 2 ദിവസം കൊണ്ട് 6.8ലേക്കെത്തി. ഈ ആഴ്ച്ച തന്നെ പത്ത് കടന്നേക്കുമെന്ന നിലയിലെത്തി. അതായത് ഒമിക്രോൺ വഴി സംസ്ഥാനത്തേക്കും മൂന്നാംതരംഗമെത്തുന്നുവെന്ന സൂചന. ചികിത്സയിലുള്ളവരുടെ എണ്ണം കുത്തനെ കുറഞ്ഞു വരുന്നതിനിടെ പെട്ടെന്ന് കൂടി. 19,000ൽ നിന്ന് 6 ദിവസം കൊണ്ട് 25,000 കടന്നു. 

ഒമിക്രോണിലൂടെ പ്രതിദിന കേസുകളിൽ മൂന്നു മുതൽ അഞ്ചിരട്ടി വർധനവ് വരെയാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ ഒരു ശതമാനം ആശുപത്രികളിലും.1 ശതമാനം ഗുരുതരാവസ്ഥയിലുമെത്തിയേക്കും. രണ്ട് ദിവസം കൂടുമ്പോൾ കേസുകൾ ഇരട്ടിക്കും. കേരളത്തിൽ പരമാവധി പ്രതിദിന കേസുകൾ 43,000 വരെയാണ് എത്തിയിരുന്നത്. ഇതിന്റെ മൂന്നുമുതൽ അഞ്ചിരട്ടി വരെയെന്നത് വലിയ വെല്ലുവിളിയാണ്. ഇതിനായാണ് ആവശ്യമെങ്കിൽ പ്രാഥമിക, രണ്ടാംനിര ചികിത്സാ കേന്ദ്രങ്ങൾ തുറക്കാനും മറ്റുമായി സജ്ജമാകാൻ ജില്ലകൾക്ക് നിർദേശം നൽകിയിരിക്കുന്നത്. 

പരമാവധി പേർക്ക് വീട്ടിൽത്തന്നെ ചികിത്സ നൽകാനുള്ള ഒരുക്കത്തിന്റെ ഭാഗമായാണ് മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും ഹോം കെയർ പരിശീലനം നൽകുന്നത്. ഓൺലൈൻ വഴിയാണ് പരിശീലന പദ്ധതി. ഓക്സിജൻ, ഐസിയു വെന്റിലേറ്റർ സംവിധാനങ്ങളടക്കം നേരത്തെ തയാറാണെന്നതാണ് കേരളത്തിന്റെ നേട്ടം. രാജ്യത്തെ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് കേരളത്തിലിപ്പോഴും ആർ വാല്യു ഒന്നിന് താഴെയുമാണ്. ഇത് പക്ഷെ ഉടനെ കൂടും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button