കൊവിഡ് ക്ലസ്റ്റര്‍ മറച്ചുവച്ച പത്തനംതിട്ട നഴ്‌സിംഗ് കോളജിനെതിരെ നടപടി; എല്ലാ സ്ഥാപനങ്ങളും കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് ക്ലസ്റ്റര്‍ മറച്ചുവയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെന്ന് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എല്ലാ സ്ഥാപനങ്ങളും കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി. കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ആരോഗ്യ വകുപ്പിനെ അറിയിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

കൊവിഡ് ക്ലസ്റ്റര്‍ മറച്ചുവച്ച പത്തനംതിട്ട ജില്ലയിലെ നഴ്‌സിംഗ് കോളജിനെതിരെ നടപടിയെടുക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കാണ് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയത്. അതേസമയം സംസ്ഥാനത്ത് 59 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി പറഞ്ഞു.

ആലപ്പുഴ 12, തൃശൂര്‍ 10, പത്തനംതിട്ട 8, എറണാകുളം 7, കൊല്ലം 6, മലപ്പുറം 6, കോഴിക്കോട് 5, പാലക്കാട് 2, കാസര്‍ഗോഡ് 2, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 42 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 5 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. കൊല്ലം 3, ആലപ്പുഴ 6 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തൃശൂരിലെത്തിയ 3 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.

ഇതോടെ സംസ്ഥാനത്ത് ആകെ 480 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 332 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 90 പേരും എത്തിയിട്ടുണ്ട്. 52 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 6 പേരാണുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News