ജനീവ: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ നിസ്സാര രോഗമെന്നത് തെറ്റിദ്ധാരണ മാത്രമാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്ഒ). ഒമൈക്രോണ്‍ ലോകമെങ്ങും ആശുപത്രി വാസത്തിനും മരണത്തിനും കാരണമാവുന്നുണ്ടെന്ന് ഡബ്ല്യൂഎച്ച്ഒ മേധാവി ടെഡ്രോസ് അധാനോം ഗെബ്രേയേസൂസ് പറഞ്ഞു. ”ഇക്കാര്യത്തില്‍ തെറ്റിദ്ധാരണ വേണ്ട, ഒമൈക്രോണ്‍ ആശുപത്രി വാസത്തിനും മരണത്തിനും കാരണമാവുന്നുണ്ട്. നിസ്സാര തോതില്‍ വൈറസ് ബാധ ഉണ്ടാവുന്നവരും ആശുപത്രിയില്‍ എത്തുന്നുണ്ട്”- ഡബ്ല്യുഎച്ച്ഒ മേധാവി ചൂണ്ടിക്കാട്ടി.
ഒമൈക്രോണ്‍ ഗുരുതര രോഗം അല്ലായിരിക്കാം, പക്ഷേ അതു നിസ്സാരമാണ് എന്നത് തെറ്റായ ധാരണയാണ്. അതിവേഗം വ്യാപിക്കുന്ന പുതിയ വകഭേദം നിരവധി മരണങ്ങള്‍ക്കു കാരണമായിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.പല രാജ്യങ്ങള്‍ക്കും വരാനിരിക്കുന്ന ആഴ്ചകള്‍ നിര്‍ണായകമാണ്. ആരോഗ്യ സംവിധാനങ്ങള്‍ രോഗികളെക്കൊണ്ടു നിറയും. ഈ സാഹചര്യമൊഴിവാക്കാന്‍ എല്ലാവരും തങ്ങളുടെ പങ്കു നിര്‍വഹിക്കേണ്ടതുണ്ടെന്ന് ഡബ്ല്യൂഎച്ച്ഒ മേധാവി പറഞ്ഞു.
അതേസമയം കേരളം മൂന്നാം തരംഗത്തിലാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. അതുകൊണ്ട് തന്നെ രോഗലക്ഷണങ്ങളെ നിസാരമായി കാണരുതെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. ജലദോഷമുണ്ട്, പനിയുണ്ട് പക്ഷേ മണവും രുചിയുമൊക്കെ കിട്ടുന്നതിനാല്‍ കൊവിഡല്ല എന്ന് കരുതരുതെന്ന് മന്ത്രി വീണാ ജോര്‍ജ് ചൂണ്ടിക്കാട്ടി. ഒമിക്രോണ്‍ ബാധിച്ച 17% പേരില്‍ മാത്രമേ മണവും രുചിയും നഷ്ടപ്പെടുന്നുള്ളു. അതുകൊണ്ട് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ പരിശോധനയ്ക്ക് വിധേയമാകുകയും സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കുകയും വേണമെന്ന് മന്ത്രി വ്യക്തമാക്കി.
ഡെല്റ്റയെക്കാള് വ്യാപനം കൂടുതലുള്ള വകഭേദമാണ് ഒമിക്രോണ്‍. കേരളത്തില്‍ ഡെല്‍റ്റയേക്കാള്‍ 1.6 ഇരട്ടി വ്യാപനമാണ് ഒമിക്രോണിന്. വിദേശ രാജ്യങ്ങളില്‍ അഞ്ച് മുതല്‍ ആറിരട്ടി വരെ വ്യാപനമുണ്ട്. അശ്രദ്ധമൂലം കേരളത്തിലും വ്യാപനം ഇരട്ടിച്ചേക്കാമെന്ന് മന്ത്രി വീണാ ജോര്‍ജ് മുന്നറിയിപ്പ് നല്കി. ഈ ഘട്ടത്തില്‍ ച95 അല്ലെങ്കില്‍ ഡബിള്‍ മാസ്ക് തന്നെ ധരിക്കണമെന്ന് മന്ത്രി ആവര്‍ത്തിച്ചു. കണ്ണിന് കാണാന്‍ സാധിക്കാത്ത ചെറിയ ഡ്രോപ്ലെറ്റ്സില്‍ നിന്ന് പോലും വൈറസ് പടര്‍ന്ന് പിടിക്കുന്നു. വ്യക്തിശുചിത്വം പാലിക്കണമെന്നും, കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ചോ, സോപ്പും വെള്ളവും ഉപയോഗിച്ചോ വൃത്തിയാക്കണമെന്ന് മന്ത്രി പറയുന്നു.
വാക്സിനേഷന് നിര്‍ബന്ധമായും എടുക്കണം. മുന്‍നിര പ്രവര്‍ത്തകരും മറ്റ് അര്‍ഹരും ബൂസ്റ്റര്‍ ഡോസ് എടുക്കണം. പൊതുജനങ്ങള്‍ അടഞ്ഞ സ്ഥലത്ത് ഇരിക്കാതെ, തുറസായ, വായുസഞ്ചാരമുള്ള സ്ഥലത്ത് ഇരിക്കണം. സ്ഥാപനങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടാതെ ശ്രദ്ധിക്കണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.