ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം 100 കടന്നു. ഇതുവരെ 101 പേര്‍ക്ക് രോഗം ബാധിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 11 സംസ്ഥാനങ്ങളില്‍ നിന്നാണ് ഇത്രയും കേസുകളെന്ന് കേന്ദ്ര ആരോഗ്യ ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ മാധ്യമങ്ങളോട് പറഞ്ഞു.
അനാവശ്യമായ യാത്രകള്‍ ഒഴിവാക്കേണ്ട സമയമാണ്. കൂട്ടംകൂടുന്നതും പരമാവധി ഒഴിവാക്കണം. ചെറിയ തോതില്‍ ആഘോഷങ്ങള്‍ നടത്താന്‍ ശ്രദ്ധിക്കണമെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ ബല്‍റാം ഭാര്‍ഗവ മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ 20 ദിവസമായി പ്രതിദിനം ശരാശരി പതിനായിരത്തില്‍ താഴെ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പോസിറ്റിവിറ്റി നിരക്ക് 0.65 ശതമാനമാണ്. രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരില്‍ 40 ശതമാനവും കേരളത്തില്‍ നിന്നാണെന്ന് ലാവ് അഗര്‍വാള്‍ അറിയിച്ചു.
രാജ്യ തലസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിന്നു. കേന്ദ്രആരോഗ്യമന്ത്രി സത്യേന്ദ്രര്‍ ജെയ്ന്‍ ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഡല്‍ഹിയില്‍ മാത്രം 20 ഒമിക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 10 പേര്‍ രോഗമുക്തരായി.
മഹാരാഷ്ട്ര, രാജസ്ഥാന്‍, കര്‍ണാടക, ഗുജറാത്ത്, കേരളം, തെലുങ്കാന, പഞ്ചിമ ബംഗാള്‍, ആന്ധ്രാപ്രദേശ്, ചണ്ഡീഗഡ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളാണ് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍.